Site iconSite icon Janayugom Online

ജഗദ്ഗുരു രാംഭദ്രാചാര്യക്കെതിരായ ‘അപകീർത്തികരമായ’ വീഡിയോകൾ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; മെറ്റയ്ക്കും ഗൂഗിളിനും ഹൈക്കോടതി നിർദേശം

പ്രശസ്ത രാമകഥാ പ്രഭാഷകനും പത്മവിഭൂഷൺ ജേതാവുമായ ജഗദ്ഗുരു രാംഭദ്രാചാര്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ വീഡിയോകൾ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മെറ്റയ്ക്കും ഗൂഗിളിനും നിർദേശം നൽകി. ജസ്റ്റിസ് ശേഖർ ബി സറഫ്, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശനിയാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശരദ് ചന്ദ്ര ശ്രീവാസ്തവയും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. വീഡിയോകൾ നീക്കം ചെയ്യാൻ ആവശ്യമായ യു ആർ എൽ ലിങ്കുകൾ സാമൂഹിക മാധ്യമ കമ്പനികൾക്ക് കൈമാറാൻ കോടതി ഹർജിക്കാർക്ക് നിർദേശം നൽകി. കേസ് ഇനി നവംബർ 11ന് പരിഗണിക്കും.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ രൂപീകരിക്കണമെന്നും അവ കർശനമായി നടപ്പാക്കണമെന്നും ഹർജിക്കാർ കേന്ദ്ര‑സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അതേസമയം, പ്രശ്നം ശ്രദ്ധയിൽപ്പെട്ടതായും, സംസ്ഥാന കമ്മീഷണർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസിന്റെ ഓഫീസ് ശശാങ്ക് ശേഖറിന് നോട്ടീസ് അയച്ചതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഒക്ടോബർ 18ന് കമ്മീഷന് മുമ്പാകെ ഹാജരാകാൻ ശേഖറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version