Site iconSite icon Janayugom Online

ആര്യൻ ഖാന്‍റെ പരമ്പരയിലൂടെ അപകീർത്തിപ്പെടുത്തി; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സമീർ വാങ്കഡെ

ബോളിവുഡ്‌ സൂപ്പർതാരം ഷാറൂഖ്‌ ഖാന്റെ മകൻ ആര്യൻ ഖാനെ 2021ൽ മയക്കുമരുന്നുകേസിൽ കുടുക്കിയെന്ന ആരോപണം നേരിടുന്ന മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്‌ടക്കസ്‌ ഫയൽ ചെയ്‌തു. ആര്യൻ ഖാൻ സംവിധാനം ചെയ്ത ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന പുതിയ സീരീസിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ഉൾപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് നൽകിയത്. ഷാരൂഖ്‌ ഖാൻ, ഭാര്യ ഗ‍ൗരി, മകൻ ആര്യൻ, ഷാറൂഖിന്റെ നിർമാണ കമ്പനിയായ റെഡ്‌ ചില്ലീസ്‌ എന്റർടെയ്‌ൻമെന്റ്‌, നെറ്റ്‌ഫ്ലിക്‌സ്‌ തുടങ്ങിയവർക്കെതിരെയാണ് കേസ്. നെറ്റ്ഫ്ലിക്സിലാണ് ആര്യൻ ഖാന്റെ പുതിയ സീരീസ് റിലീസ് ചെയ്തത്.

പരമ്പര തന്നെ തെറ്റായി അപകീർത്തിപ്പെടുത്തുകയും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. അത് കാൻസർ രോഗികൾക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രീകരണം പരമ്പര പ്രചരിപ്പിക്കുന്നുവെന്നും അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം ഇല്ലാതാകുമെന്നുമാണ് വാങ്കഡെയുടെ വാദം.

Exit mobile version