ചേലക്കര നിയമസഭാ മണ്ഡലത്തിലെ പരാജയം കോൺഗ്രസിനുള്ളിൽ പുതിയ പോർമുഖം തുറന്നു. ഡിസിസിയുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും നിർദേശം പാലിക്കാതെ സ്ഥാനാർത്ഥി നിർണയം നടത്തിയെന്ന ആരോപണമാണ് ശക്തമായത്. തെരഞ്ഞെടുപ്പിന് ശേഷം ചില ബ്ലോക്ക് ഭാരവാഹികളും മണ്ഡലം കമ്മിറ്റി അംഗങ്ങളും വാട്സ്ആപ്പിലുടെ അയച്ച സന്ദേശം കോൺഗ്രസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനെ സ്ഥാനാർത്ഥി ആക്കുന്നതിന് യുഡിഎഫിലും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിലും ഭിന്നിപ്പുണ്ടായിരുന്നു. മണ്ഡലത്തിൽ സജീവമായ ആരെയെങ്കിലും സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. അഞ്ച് വർഷം എംപി ആയിട്ടും ചേലക്കരയുടെ വികസനത്തിനു വേണ്ടി യാതൊന്നും ചെയ്യാത്ത രമ്യക്കെതിരെ ജനവികാരം ശക്തമായിരുന്നു.
പാർട്ടി പരിപാടികളിൽ വിളിച്ചാൽ പോലും എത്തിയില്ലെന്നും ആക്ഷേപമുണ്ട്. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,000 ത്തോളം വോട്ട് വർധിപ്പിക്കാൻ സാധിച്ചപ്പോൾ യുഡിഎഫിന് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ 2,569 ത്തോളം വോട്ടുകൾ കുറയുകയായിരുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ രമ്യ പരാജയമായതാണ് വോട്ട് കുറയാൻ ഇടയാക്കിയതെന്നാണ് പ്രവര്‍ത്തകരുടെ വാദം.
പ്രതിപക്ഷ നേതാവും പ്രമുഖ നേതാക്കളും പാലക്കാടേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന് മുതിർന്ന നേതാക്കൾക്കും പരാതിയുണ്ട്. ദളിത് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ കെ സുധീർ ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞാണ് രമ്യയ്ക്ക് സീറ്റ് നൽകിയത്. എംപി എന്ന നിലയിൽ അമ്പേ പരാജയമായ രമ്യാഹരിദാസിന് സീറ്റ് നൽകിയത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരിലും അമർഷമുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലെല്ലാം പ്രാദേശികമായ മുതിർന്ന നേതാക്കളുടെ അസാന്നിധ്യം പ്രകടമായിരുന്നു.
എൻ കെ സുധീറിനെ കോൺഗ്രസിൽ നിലനിർത്താൻ പറ്റാത്തതും വോട്ട് കുറയാൻ ഇടയാക്കി. ഡിഎംകെ പക്ഷത്തു പോയ സുധീർ പിടിച്ച 3,920 വോട്ടിൽ ഏറിയ പങ്കും യുഡിഎഫിന് ലഭിക്കേണ്ടതായിരുന്നു. വരും ദിവസങ്ങളിൽ കോൺഗ്രസിൽ ശക്തമായ ചേരിപ്പോരിന് ചേലക്കര പരാജയം വഴിതുറക്കുമെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.