Site iconSite icon Janayugom Online

വിദേശകമ്പനിയില്‍ ജോലി 
വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍

ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അൻപതു ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മാന്നാർ പാവുക്കര അരികുപുറത്ത് ബോബി തോമസ് (49)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര മാസമായി ബോബി തോമസ് ഒളിവിൽ കഴിയുകയായിരുന്നു. തട്ടിപ്പിനിരയായ യുവാക്കൾ മാന്നാർ പോലീസിൽ നവംബർ 16 ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് അന്വേഷണം നടന്നു വരികയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ ബോബി തോമസ് പുതിയ സിം കാർഡ് ഉപയോഗിച് വരവേ കഴിഞ്ഞ ദിവസം പോലീസിന്റെ കയ്യിൽ ഈ നമ്പർ ലഭിക്കുകയും ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കാർത്തികപള്ളിയിലെ ബന്ധുവീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള മുപ്പത്തി ഏഴോളം പേരാണ് പരാതി മാന്നാർ പോലീസ് സ്റ്റേഷനിൽ നൽകിയത് മൂന്ന് വർഷമായി പരാതിക്കാർ ബോബി തോമസിൽ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നുവെന്നും പല തവണ അവധി പറഞ്ഞ് ഇയാള്‍ പറ്റിച്ചതായും പരാതിയിൽ പറയുന്നു.

മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, അരുൺ, സജീവ്, , ദിനേശ് ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇത് കൂടാതെ ഇതേ രീതിയിൽ മറ്റൊരു കേസ് കൂടി ബോബി തോമസിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായും പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ശേഷം അതിന്മേലുള്ള നടപടികൾ സ്വീകരിക്കുമെന്നും മാന്നാർ പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാർ പറഞ്ഞു

Exit mobile version