മാന്നാർ: വീട്ടിൽ ആരുമില്ലാതെ ഇരുന്ന സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദു ഭവനത്തിൽ പ്രവീൺ (40) ആണ് പിടിയിലായത്.
കഴിഞ്ഞ 12ന് ഉച്ചക്ക് ശേഷം വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയെ വീടുനുള്ളിൽ അതിക്രമിച്ചു കയറി അക്രമിച്ച ശേഷം പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയപ്പോളേക്കും പ്രതി രക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2018ൽ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ട് വന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്തത് ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ എന്ന് പോലീസ് പറഞ്ഞു. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്, ജി എസ് ഐ ജോസി, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.