Site icon Janayugom Online

കൂട്ടബലാത്സംഗ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അസമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.

ബിക്കി അലി എന്ന ഇരുപതുകാരനാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നും അദ്ദേഹം അറിയിച്ചു.

ഗുവാഹത്തി പാന്‍ബസാര്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിള്‍ ഗോസ്വാമിയെയും പരുക്കേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ കാലിലും കൈയിലുമാണ് സാരമായ പരിക്കുകളുള്ളതെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16‑കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ബിക്കി അലിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസില്‍ അലി ഉള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. ഒരാഴ്ച മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി 16‑നാണ് പെണ്‍കുട്ടി ആദ്യം ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

eng­lish summary;Defendant in gang rape case killed in police encounter

you may also like this video;

Exit mobile version