Site iconSite icon Janayugom Online

ഐഎസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം; പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

ഭീകര സംഘടനകളിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതി കല്‍പ്പറ്റ സ്വദേശി നഷിദുല്‍ ഹംസഫറിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്.

2016 മെയ്,ജൂണ്‍ മാസങ്ങളില്‍ മലയാളി യുവാക്കളെ ഐഎസില്‍ ചേര്‍ക്കാനായി വിദേശത്തേക്ക് കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന കേസ്. കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് എന്‍ഐഎയും ഏറ്റെടുത്തു. ഐഎസില്‍ ചേരാനായി 2017 ഒക്ടോബറില്‍ നഷിദുല്‍ വിദേശയാത്ര നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിലെത്തിയ പ്രതി ഇവിടെ തടവിലായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനും ഐഎസില്‍ ചേരാന്‍ ശ്രമിച്ചതിനാണ് നഷിദുലിനെ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയത്. പിന്നീട് 2018 സെപ്റ്റംബര്‍ 18 നാണ് ഹംസഫറിനെ എന്‍ഐഎക്ക് കൈമാറിയത്.മതഭീകരവാദം അനുവദിക്കാനാകില്ലെന്നും എന്‍ ഐ എ കോടതി വ്യക്തമാക്കി. ഭരണഘടനയാകണം മതം. ഭരണഘടനയെ മതമായി കാണണം. മത വിശ്വാസത്തിന്റെ പേരില്‍ ഭീകര ആശയങ്ങളിലേക്കെത്തരുതെന്നും കോടതി പറഞ്ഞു. ഭീകരവാദ റിക്രൂട്ടിംഗ് കേസില്‍ പ്രതി നഷിദുല്‍ ഹംസഫറിനുള്ള ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്.
eng­lish summary;Defendant jailed for five years in case of recruit­ment of Malay­alee youth to IS
you may also like this video;

Exit mobile version