Site icon Janayugom Online

ജൂവലറി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പിടിയിൽ

നഗരത്തിൽ ജൂവലറി കുത്തി തുറന്ന് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. കായംകുളം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിനു സമീപം സാധുപുരം ജ്വലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയിലാണ് ജുവലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണൻ നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയാണ്.

തിരുവനന്തപുരം കല്ലറയിൽ ജ്വലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു പരോളിൽ ഇറങ്ങിയ ശേഷമാണു മോഷണം നടത്തിയത്. കായംകുളം സ്വദേശി നൗഷാദ് നിരവധി മോഷണക്കേസിൽ പ്രതിയാണ്. ജയിലിൽ വെച്ച് കണ്ണനുമായി പരിചയപ്പെട്ടശേഷം മോഷണം പ്ലാൻ ചെയ്യുകയായിരുന്നു. പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കായംകുളം സി ഐ മുഹമ്മദ്‌ ഷാഫി, കരീലകുളങ്ങര സി ഐ സുധിലാൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Exit mobile version