Site iconSite icon Janayugom Online

കലൂരിലെ പോക്‌സോ കേസ് പ്രതികള്‍ കഞ്ചാവ് നല്‍കിയ ഒരു പെണ്‍കുട്ടിയെ കൂടി തിരിച്ചറിഞ്ഞു

കൊച്ചി കലൂരിലെ പോക്‌സോ കേസില്‍ പ്രതികള്‍ കഞ്ചാവ് നല്‍കിയ ഒരു പെണ്‍കുട്ടിയെ കൂടി തിരിച്ചറിഞ്ഞു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കും. ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കേസില്‍ പൊലീസ് അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പറാണ്. ഈ വിദ്യാര്‍ത്ഥി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും പുസ്തകങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മയക്കുമരുന്നിന്റെ കാരിയേഴ്‌സ് ആയി ഉപയോഗിക്കാനാണ് പ്രതികള്‍ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനികളെ വശത്താക്കിയത്. പിടിയിലായ യുവാക്കള്‍ ഇവര്‍ക്ക് എംഡിഎംഎയും സ്റ്റാമ്പും കൈമാറിയതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയയാണ് ഇതിനുപിന്നിലെന്ന് കൊച്ചി ഡിസിപി വി യു കുരുവിള പറഞ്ഞു. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഡിസിപി നിര്‍ദേശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികളെ പ്രതികള്‍ വലയിലാക്കിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ തൃപ്പൂണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റ്യന്‍, ജിത്തു എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പെണ്‍കുട്ടികളില്‍ ഒരാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പഠനത്തില്‍ കുട്ടികള്‍ കുറച്ചുകാലമായി ശ്രദ്ധിക്കുന്നില്ലെന്നും പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയിരുന്നെന്നും രക്ഷിതാക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

eng­lish summary;Defendants in the Poc­so case in Kaloor also iden­ti­fied a girl who had giv­en cannabis

you may also like this video;

Exit mobile version