Site iconSite icon Janayugom Online

പ്രതിരോധം ചീട്ടുകൊട്ടാരം

ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. കിവീസിനെ 235 റണ്‍സിന് പുറത്താക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ 52 പന്തില്‍ 30 റണ്‍സും രോഹിത് ശര്‍മ്മ 19 പന്തില്‍ 18 റണ്‍സും നേടി. യശസ്വി നാലും രോഹിത് മൂന്നും വീതം ഫോറുകള്‍ നേടി. വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോലി നാലു റൺസ് മാത്രമെടുത്തു മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. സ്കോർ 25ൽ നിൽക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ്മയെ മാറ്റ് ഹെൻറി ടോം ലാഥമിന്റെ കൈകളിലെത്തിച്ചു. യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് സ്പിന്നർ അജാസ് പട്ടേലിനാണ്. അവസാന ഓവറുകളിൽ കളിക്കാനായി ഇറങ്ങിയ സിറാജ് ആദ്യ പന്തിൽ തന്നെ എൽബിഡബ്ല്യു ആകുകയായിരുന്നു. അഞ്ചാമനായി വന്ന വിരാട് കോലി അനാവശ്യ റണ്ണൗട്ടായി. നാല് റണ്‍സ് മാത്രമെടുത്ത താരം ഹെന്‍റിയുടെ നേരിട്ടുള്ള ഏറില്‍ പുറത്താവുകയായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങുന്നത്. പിന്നീട് റിഷഭ് പന്ത് — ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. മാറ്റ് ഹെന്‍റി, വില്ലി ഓ റൗക്കെ, അജാസ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നേടി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങുമാണ് ന്യൂസിലാന്‍ഡ് നിരയില്‍ ടോപ് സ്കോറര്‍മാര്‍. 129 പന്തുകള്‍ നേരിട്ട മിച്ചല്‍ മൂന്നുഫോറും മൂന്നു സിക്സുമടക്കം 82 റണ്‍സ് നേടി. 138 പന്തില്‍നിന്ന് 71 റണ്‍സ് നേടിയ വില്‍ യങ് നാലു ഫോറും രണ്ട് സിക്സും നേടി. ഡെവോൺ കോൺവെ (11 പന്തിൽ നാല്), ടോം ലാഥം (44 പന്തിൽ 28), രചിൻ രവീന്ദ്ര (12 പന്തിൽ അഞ്ച്), ടോം ബ്ലണ്ടൽ (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (28 പന്തിൽ 17), ഇഷ് സോധി (19 പന്തിൽ ഏഴ്), മാറ്റ് ഹെന്‍റി (പൂജ്യം), അജാസ് പട്ടേൽ (16 പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ. ന്യൂസിലാന്‍ഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. വാഷിങ്ണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. ബുംറയ്ക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തി. വിജയം മാത്രമാണ് അവസാന ടെസ്റ്റില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ പരമ്പര നഷ്ടമായ ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്തുന്നതും പ്രധാനമാണ്.

Exit mobile version