Site iconSite icon Janayugom Online

യുഡിഎഫ് തീരുമാനം ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റായി തുടർന്നു; നേതാവിനെ പുറത്താക്കി കോൺഗ്രസ് നേതൃത്വം

യുഡിഎഫ് തീരുമാനം ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റായി തുടർന്ന നേതാവിനെ പുറത്താക്കി കോൺഗ്രസ് നേതൃത്വം. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കിയത് .രാജിവെക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് പദവി കൈമാറാന്‍ ലീഗ് അനുവദിച്ച സമയം അവസാനിക്കാനിരിക്കെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുത്തത്.

മുന്നണിമര്യാദ പാലിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഏതറ്റംവരെ പോകുമെന്നും അതില്‍ വ്യക്തി താത്പര്യങ്ങളില്ലെന്നും പ്രസിഡന്റിന്റെ അഹങ്കാരം കാരണമാണ് നടപടി എടുക്കേണ്ടിവന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.പദവി കൈമാറിയില്ലെങ്കില്‍ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്നും ലീഗ് അറിയിച്ചിരുന്നു. പഞ്ചായത്ത് ഭരണത്തിന്റെ അവസാന വര്‍ഷം പ്രസിഡന്റ് പദവി ലീഗിന് നല്‍കാമെന്ന് നേരത്തെ മുന്നണി ധാരണയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ ഈ ധാരണയില്‍ ഒപ്പിടുകയും ചെയ്തിരുന്നു.

എന്നാല്‍, വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാനമൊഴിയാന്‍ പോളി കാരക്കട തയ്യാറായില്ലെന്നാണ് ആരോപണം. കൂരാച്ചുണ്ട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോണ്‍സണ്‍സ് താന്നിക്കലിന് എതിരേയും നടപടി എടുത്തിട്ടുണ്ട്. ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് നടപടി. അഗസ്റ്റിന്‍ കാരക്കടയ്ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. 

Exit mobile version