Site iconSite icon Janayugom Online

ഡല്‍ഹി വായുഗുണനിലവാരം ഗ്രാപ്പ് മൂന്നംഘട്ടം നടപ്പിലാക്കി

വായുഗുണനിലവാരം ഗുരുതരവിഭാഗത്തിലേക്ക് കുത്തനെ താഴ്ന്നതിനെത്തുടര്‍ന്ന് തലസ്ഥാനനഗരിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ(ജിഎആര്‍പി ) മൂന്നാം ഘട്ടം നടപ്പിലാക്കി. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക 362(വളരെ മോശം) ആയിരുന്നു . ഇത് ചൊവ്വാഴ്ച രാവിലെ 425 (അപകടകരം) ആയി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ തീരുമാനം.

മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ആനന്ദ് വിഹാറില്‍ 412, അലിപൂരില്‍ 442, ഭാവനയില്‍ 462 എന്നിങ്ങനെയാണ് വായുഗുണനിലവാരസൂചിക രേഖപ്പെടുത്തിയത്. ചാന്ദ്നി ചൗക്കില്‍ 416, ആര്‍കെ പുരത്തും പട്പര്‍ഗഞ്ചിലും യഥാക്രമം 446, 438 വായുഗുണനിലവാര സൂചിക രേഖപ്പെടുത്തി. ഗ്രാപ്പ് മൂന്നാം ഘട്ടം അനുസരിച്ച് എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഖനനപ്രവര്‍ത്തനങ്ങളും നഗരത്തില്‍ നിരോധിക്കും, ബിഎസ് മൂന്ന് പെട്രോള്‍, ബിഎസ് നാല് ഡീസല്‍ ഫോര്‍ വീലറുകളുടെ ഉപയോഗം കര്‍ശനമായി നിരോധിക്കും, അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടത്തുക.

പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍, ഉയര്‍ന്ന കാര്‍ബണ്‍ ഉദ് വമനം , ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ നെല്‍വയല്‍ കത്തിക്കല്‍, പടക്കങ്ങളുടെ ഉപയോഗം തുടങ്ങി ഒന്നിലധികം ഘടകങ്ങളാണ് അപകടകരമാകും വിധം ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശമാകുന്നതിന് കാരണങ്ങളാകുന്നത്. വായുഗുണനിലവാരത്തില്‍ സ്ഥിരമായ പുരോഗതി രേഖപ്പെടുത്തുന്നത് വരെ മൂന്നാംഘട്ട നടപടികള്‍ പ്രാബല്യത്തില്‍ തുടരും.

Exit mobile version