Site iconSite icon Janayugom Online

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പിട്ടിക പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി

അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആംആദ്മി. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകും. സിസോദിയയുടെ മണ്ഡലമായ പട്പര്‍ഗഞ്ചില്‍ അധ്യാപകനും മോട്ടിവേഷനല്‍ സ്പീക്കറുമായ അവാദ് ഓജ മത്സരിക്കും. രണ്ടാംഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 11 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 70 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ എഎപി 31 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.2013മുതല്‍ എഎപിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമണ് ജംഗ്പുര. രണ്ടുതവണ എംഎല്‍എയായ പ്രവീണ്‍ കുമാറിന് പകരം സിസോദിയയെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ജനകീയ കോടതിയിലെ വിധിക്ക് ശേഷമെ ഇനി സര്‍ക്കാരിന്റെ ഭാഗമാകൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.ജംഗ്പുരയില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കിയതിന് പാര്‍ട്ടിക്കും കെജ്രിവാളിനും സിസോദിയ നന്ദി പറഞ്ഞു. പട്പര്‍ഗഞ്ചാണ് ഡല്‍ഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഹൃദയമെന്ന് സിസോദിയ പറഞ്ഞു. അവാദ് ഓജ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍, പട്പര്‍ഗഞ്ചില്‍ ഒരു അധ്യാപകന്‍ സ്ഥാനാര്‍ഥിയാകുന്നതാകും ഏറ്റവും നല്ലതെന്ന് തോന്നി. തന്റെ ഉത്തരവാദിത്തം കൈമാറുന്നതില്‍ സന്തോഷമുണ്ട്.

പട്പര്‍ഗഞ്ചിലെ വിദ്യാഭ്യാസത്തിനും വികസനത്തിനുമായി താന്‍ ചെയ്തത് ജംഗ്പുരയിലും ചെയ്യും. ഡല്‍ഹിയുടെ വികസനത്തിനായി പട്പര്‍ഗഞ്ച് മുതല്‍ ജംഗ്പുര വരെ എന്നതാണ് തന്റെ ദൃഡ പ്രതിജ്ഞ’ സിസോദിയ എക്സ്സില്‍ കുറിച്ചു.ഈ മാസം ആദ്യമാണ് അവാദ് ഓജ എഎപിയില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹം പട്‌ന സര്‍വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. എഎപിയുടെ ശക്തമായ മണ്ഡലമായാണ് കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ച് മണ്ഡലത്തെ കാണന്നത്. ഇത്തവണ മണ്ഡലം പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Exit mobile version