Site iconSite icon Janayugom Online

ഡൽഹി സ്‌ഫോടനം; മൃതദേഹം തിരിച്ചറിയാൻ ഉമർ മുഹമ്മദിൻ്റെ മാതാവിൻ്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു

ഡൽഹി സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനായി മാതാവിൻ്റെ ഡിഎൻഎ സാമ്പിൾ പൊലീസ് ശേഖരിച്ചു. പൊലീസ് വീട്ടിലെത്തി ഉമറിൻ്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായുള്ള വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഉമറിൻ്റെ സഹോദരി മുസമില അക്തർ പ്രതികരിച്ചു. “മൂന്നുദിവസം മുമ്പ് ഉമർ വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാനമായി കണ്ടത് രണ്ടു മാസങ്ങൾക്കു മുമ്പാണ്. ഉമർ ശാന്ത സ്വഭാവക്കാരനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിച്ചത്” സഹോദരി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഫരീദാബാദിലാണ് ഉമർ താമസിക്കുന്നതെന്നും ക്രിക്കറ്റിനോട് അവന് വളരെ ഇഷ്ടമായിരുന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയായി സംശയിക്കപ്പെടുന്ന ആദിലിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിൽ കൂടിയാണ് പേര് കേൾക്കുന്നതെന്നും സഹോദരി പ്രതികരിച്ചു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അന്വേഷണ ഏജൻസികളും ഇന്ന് ഉച്ചയ്ക്ക് 3‑ന് വീണ്ടും യോഗം ചേരും.

Exit mobile version