Site iconSite icon Janayugom Online

ഡൽഹി സ്ഫോടനം; ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ചിത്രം പുറത്ത്

ഡൽഹി സ്ഫോടനത്തിനു പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിൻ്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ, അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുൾപ്പെട്ട ‘വൈറ്റ് കോളർ ടെറർ മൊഡ്യൂളു‘മായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽനിന്ന് രക്ഷപ്പെട്ടതിനെ തുടർന്നാണ് സ്ഫോടനം നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സൂചന. 

ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എച്ച്ആർ 26സിഇ7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം, സ്ഫോടനത്തിന് മുൻപ് മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. വൈകിട്ട് 3.19ന് എത്തിയ കാർ 6.30നാണ് ഇവിടെനിന്നു പുറപ്പെട്ടത്. കാർ പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർ കൈ കാറിൻ്റെ ജനാലയിൽ വെച്ചുകൊണ്ട് പോകുന്നത് ഒരു ചിത്രത്തിൽ കാണാം. നീലയും കറുപ്പും കലർന്ന ടീ ഷർട്ടാണ് കാർ ഡ്രൈവർ ധരിച്ചിരുന്നതെന്ന് മറ്റൊരു ചിത്രത്തിൽ വ്യക്തമാണ്. അതേസമയം, ഉമറിൻ്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Exit mobile version