Site iconSite icon Janayugom Online

അറസ്റ്റിലായ വിവോ ജീവനക്കാരെ വിട്ടയയ്ക്കണമെന്ന് ഡല്‍ഹി കോടതി

courtcourt

കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വിവോ ജീവനക്കാരെ വിട്ടയയ്ക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ ഇടക്കാല സിഇഒ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇഡി ഈ മാസം 22ന് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ യൂണിറ്റിന്റെ ഇടക്കാല സിഇഒ ഹോങ് സുക്വാന്‍ എന്ന ടെറി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഹരീന്ദര്‍ ദാഹിയ, കണ്‍സള്‍ട്ടന്റ് ഹേമന്ത് മുഞ്ജാല്‍ എന്നിവരാണ് അറസ്റ്റിലായത്. വിവോയും മറ്റ് കമ്പനികളും നടത്തിയ സംശയാസ്പദമായ ഇടപാടുകളെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. എന്നാല്‍ അറസ്റ്റ് അനധികൃതമാണെന്ന് കാണിച്ച് കമ്പനി കോടതിയെ സമീപിച്ചിരുന്നു. 

രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തിലാണ് അവധിക്കാല ജഡ്ജി ഷിരിഷ് അഗര്‍വാള്‍ ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. റിമാന്‍ഡ് കാലാവധി നാല് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കാണിച്ച് ഇഡി വെള്ളിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒരു ദിവസം കൂടി ചോദ്യം ചെയ്യലിനായി അനുവദിക്കുകയായിരുന്നു.
മൊബൈല്‍ കമ്പനിയായ ലാവാ ഇന്റര്‍നാഷണലിന്റെ എംഡി ഹരി ഓം റായി, ചൈനീസ് പൗരനായ ഗ്വാങ്വെന്‍, ചാര്‍ട്ടേട് അക്കൗണ്ടുമാരായ നിതിന്‍ ഗാര്‍ഗ്, രാജന്‍ മാലിക് എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവോയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന കള്ളപ്പണക്കേസിലെ അന്വേഷണം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ ലിങ് പറഞ്ഞു. 

Eng­lish Sum­ma­ry: Del­hi court orders release of arrest­ed Vivo employees

You may also like this video

Exit mobile version