Site iconSite icon Janayugom Online

കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഓർഡിനൻസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാര്‍ സുപ്രീം കോടതിയില്‍.
ഓർഡിനൻസ് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. സർക്കാരിന് അനുകൂലമായ വിധി മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതെന്നും ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി, എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11ന് ഏകകണ്ഠമായി വിധിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്.
ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്കു പ്രത്യേക അതോറിറ്റിക്ക് കേന്ദ്രസർക്കാർ ഓര്‍ഡിനന്‍സിലൂടെ രൂപം നല്‍കി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍. ലെഫ്. ഗവർണർക്ക് അനുകൂലമായി നിൽക്കുന്നവരാണ് സംസ്ഥാന ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും. വിയോജിപ്പുണ്ടായാൽ അന്തിമ തീരുമാനം ലെഫ്. ഗവർണറുടേതാണെന്നും ഓർഡിനൻസിൽ പറയുന്നു. 

മൂന്നാം തീയതി പാര്‍ട്ടി ഓഫിസില്‍ ചേരുന്ന യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിക്കുമെന്ന് എഎപി അറിയിച്ചിരുന്നു. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇതില്‍ നിന്ന് പിന്മാറുകയാണെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
കെജ്‌രിവാളിനൊപ്പം എല്ലാ കാബിനറ്റ് അംഗങ്ങളും എംഎല്‍എമാരും ചേര്‍ന്നാണ് ഓര്‍ഡിനസിന്റെ കോപ്പി കത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. അഞ്ചിന് 70 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ആറിനും 13നും ഇടയില്‍ ‍ഡല്‍ഹിയുടെ എല്ലാ മുക്കിലും മൂലയിലും ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം വ്യാപിപ്പിക്കാനാണ് എഎപി പദ്ധതിയിട്ടിരുന്നത്. ഓര്‍ഡിനന്‍സിനെതിരെ 11ന് മഹാറാലി നടത്തുമെന്നും എഎപി വക്താവ് സൗരഭ് ഭരധ്വാജ് അറിയിച്ചിരുന്നു.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ എല്ലാ പരിപാടികളും റദ്ദാക്കുകയാണെന്നാണ് എഎപി രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

Eng­lish Sum­ma­ry: Del­hi Gov­ern­ment in Supreme Court against Cen­tral Ordinance

You may also like this video

Exit mobile version