Site icon Janayugom Online

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാതെ ഡല്‍ഹി ഹൈക്കോടതി

2004ലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് ചന്ദ്ര വര്‍മയെ വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാതെ ദല്‍ഹി ഹൈക്കോടതി.തിങ്കളാഴ്ചയായിരുന്നു കോടതി ഈ വിഷയത്തില്‍ വാദം കേട്ടത്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയും കോടതി തേടി. തന്നെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സതീഷ് വര്‍മ നല്‍കിയ ഹരജിയില്‍ എട്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന്‍ നേരത്തെ സതീഷ് വര്‍മക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പിരിച്ചുവിടല്‍ ഉത്തരവ് സെപ്റ്റംബര്‍ 19ന് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

എന്നാല്‍ ഈ സ്റ്റേ തുടരണമോ എന്ന കാര്യം ഹൈക്കോടതി പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.ഇതേത്തുടര്‍ന്നാണ് സതീഷ് വര്‍മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.ഓഗസ്റ്റ് 30നായിരുന്നു സതീഷ് വര്‍മയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സെപ്റ്റംബര്‍ 30നായിരുന്നു ഇദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കാനിരുന്നത്.നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്റെ ചീഫ് വിജിലന്‍സ് ഓഫീസറായിരിക്കെ (സിവിഒ) പൊതു മാധ്യമങ്ങളുമായി ഇടപഴകിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

ഇസ്രത്ത് ജഹാന്‍ കേസിന്റെ അന്വേഷണത്തില്‍ സിബിഐയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സഹായിച്ച ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സതീഷ് വര്‍മ. പ്രാണേഷ് പിള്ളയും ഇസ്രത്ത് ജഹാനും അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് സതീഷ് വര്‍മ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.2004 ജൂണ്‍ 15നായിരുന്നു 19കാരിയായ ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഗുജറാത്തില്‍ വെച്ചായിരുന്നു സംഭവം.അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും ഇസ്രത്ത് ജഹാനുള്‍പ്പെടെ നാലുപേരും ലഷ്‌കര്‍-ഇ‑ത്വയിബ ഭീകരരാണെന്നും ആരോപിച്ചായിരുന്നു പൊലീസ് ഇവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.ഇതിന് പിന്നാലെ അന്ന് ഗുജറാത്ത് ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സതീഷ് കുമാര്‍

2011ല്‍ അന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇസ്രത്ത് ജഹാനുള്‍പ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സതീഷ് കുമാറിനെ ഗുജറാത്തില്‍ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Eng­lish Summary:
Del­hi High Court does not stay cen­tral gov­ern­men­t’s dis­missal of offi­cer inves­ti­gat­ing Ishrat Jahan fake encounter case

You may also like this video:

Exit mobile version