Site iconSite icon Janayugom Online

21 കാരനെ മൂന്ന് കഷണങ്ങളാക്കി; വീഡിയോ പാകിസ്ഥാനിലേക്കയച്ചു

charred bodycharred body

ഡല്‍ഹിയിലെ ഭന്‍സ്വാലയില്‍ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം 21 കാരന്റേതെന്ന് പൊലീസ്. ഭീകരവാദ ബന്ധത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ഭന്‍സ്വയില്‍ നിന്നും അറസ്റ്റു ചെയ്ത രണ്ടുപേര്‍ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതികള്‍ താമസിച്ചിരുന്ന വാടകവീടും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള അഴുക്കുചാലില്‍നിന്ന് മൂന്ന് കഷണങ്ങളാക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ടയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കയ്യില്‍ ത്രിശൂലം പച്ചകുത്തിയിരുന്നു. ഇതാണ് തിരിച്ചറിയാന്‍ സഹായകമായതെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട യുവാവും പ്രതികളായ ജഗ്ജീത് സിങ് (29) എന്ന യാക്കൂബും നൗഷാദും (56) സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 14ന് പ്രതികള്‍ ആദര്‍ശ്‌നഗറില്‍ നിന്നും 21കാരനെ ഭല്‍സ്വ ഡയറിയിലുള്ള നൗഷാദിന്റെ വീട്ടിലേക്ക് കൂട്ടുകൊണ്ടു പോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന്റെ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇവര്‍ റെക്കോര്‍ഡ് ചെയ്തതായി മൊഴി നല്‍കി. പിന്നീട് വീഡിയോ പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള സൊഹാലി എന്നയാള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിന് പ്രതിഫലമായി നൗഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഖത്തറിലുള്ള സൊഹാലിയുടെ ബന്ധുവഴി രണ്ട് ലക്ഷം രൂപ അയച്ചു നല്‍കിയെന്നും പൊലീസ് കണ്ടെത്തി. കുറ്റകൃത്യത്തിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഗൂഢാലോചനയും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

നൗഷാദ് തീവ്രവാദിയാണെന്നും കൊലപാതകം, കൊള്ള തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജയിലില്‍ വച്ച് ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി ആരിഫ് മുഹമ്മദുമായും സൊഹാലിയുമായും നൗഷാദ് സൗഹൃദം സ്ഥാപിച്ചിരുന്നു. 2018ല്‍ സൊഹാലി പാകിസ്ഥാനിലേക്ക് പോയി. 2022 ഏപ്രിലില്‍ ജയില്‍ മോചിതനായ ശേഷം നൗഷാദ് സൊഹാലിയുമായി ബന്ധപ്പെട്ടിരുന്നു. ‘ഹർകത് ഉൾ അൻസാർ’ എന്ന ഭീകര സംഘടനയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരനായ അര്‍ഷ്ദീപ് ദല്ലയുമായി ജഗ്ജീതിന് ബന്ധമുണ്ടെന്നു ഡല്‍ഹി പൊലീസ് പറഞ്ഞു. 2020ല്‍ വര്‍ഗീയ കലാപം നടന്ന ജഹാഗീര്‍പുരിയിലാണ് ജഗ്ജീത് താമസിച്ചിരുന്നത്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

Eng­lish Sum­ma­ry: Del­hi Man Mur­dered On Cam­era; Video Sent To Pakistan
You may also like this video

Exit mobile version