Site iconSite icon Janayugom Online

ഡല്‍ഹി നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം, കയ്യാങ്കളി

mayormayor

ഡല്‍ഹി നഗരസഭാ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം, കയ്യാങ്കളി. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും മേയര്‍ തെരഞ്ഞെടുപ്പിനുമായി ചേര്‍ന്ന ആദ്യയോഗം ബിജെപി, എഎപി അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റേണ്ടിവന്നു.
ലഫ്റ്റ്നന്റ് ഗവര്‍ണര്‍ വി കെ സക്സേന നാമനിര്‍ദേശം ചെയ്ത താല്ക്കാലിക സ്പീക്കര്‍ സത്യശര്‍മയുടെ അധ്യക്ഷതയില്‍ യോഗം തുടങ്ങിയപ്പോള്‍തന്നെ ബഹളം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പകരം ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പ്രതിനിധികളെ ആദ്യം സത്യപ്രതിജ്ഞയ്ക്ക് വിളിച്ചതാണ് ബഹളത്തിനു കാരണമായത്. 

തെരഞ്ഞെടുക്കപ്പെട്ടവരെ വിളിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങള്‍ ഇതിനെതിരെ രംഗത്തെത്തി. സത്യശര്‍മ നടപടികളുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ആം ആദ്മി അംഗങ്ങള്‍ മുദ്രാവാക്യം വിളി ആരംഭിച്ചതോടെ ബിജെപി അംഗങ്ങള്‍ എതിര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. പിന്നീട് ഇരുവിഭാഗം തമ്മിലുള്ള സംഘര്‍ഷവും പരസ്പരം പിടിവലിയും കസേരയേറുമുള്‍പ്പെടെ ഉണ്ടായി. മേശപ്പുറത്തുകയറി ബഹളം വയ്ക്കുകയും ചെയ്തു.
നഗരഭരണത്തില്‍ പിടിമുറുക്കുന്നതിന് ബിജെപി ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ചുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നോമിനേറ്റ് അംഗങ്ങളെ പൂര്‍ണമായും നിയമിച്ചത് ഗവര്‍ണറാണ്. ഇതിന് പിന്നാലെയാണ് സത്യശര്‍മ്മയെ ഇടക്കാല സ്പീക്കറാക്കിയത്. മേയര്‍ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം ഈ സ്പീക്കര്‍ക്കാണ് ഉണ്ടാവുക. എഎപി സീനിയര്‍ കൗണ്‍സിലറായ മുകേഷ് ഗോയലിനെയാണ് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
പതിവില്‍ നിന്ന് വിപരീതമായുള്ള സത്യപ്രതിജ്ഞാ ക്രമമാണ് സത്യശര്‍മയില്‍ നിന്നുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നതായിരുന്നു രീതി. അതല്ലെങ്കില്‍ അക്ഷരമാലാ ക്രമവും അവലംബിക്കാറുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനം ഉണ്ടായതാണ് പ്രതിഷേധത്തിനു കാരണമായത്. 

പുതിയ തീയതി നിശ്ചയിക്കാതെയാണ് യോഗം മാറ്റിവച്ചത്. ഇതിലൂടെ അധികാരക്കൈമാറ്റം വൈകിപ്പിക്കാനുള്ള ബിജെപി നീക്കം ഫലം കണ്ടു. ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക തകര്‍ത്താണ് എഎപി ഡല്‍ഹി മുനിസിപ്പല്‍ ഭരണം പിടിച്ചെടുത്തത്. 250 അംഗ കൗണ്‍സിലില്‍ 134 സീറ്റുകളാണ് എഎപി നേടിയത്. ബിജെപിക്ക് 104 ഉം കോണ്‍ഗ്രസിന് ഒമ്പതും കൗണ്‍സിലര്‍മാരുണ്ട്. ഷെല്ലി ഒബ്റോയി, അഷു താക്കൂര്‍ എന്നിവരെയാണ് എഎപി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്. രേഖ ഗുപ്തയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Del­hi Munic­i­pal May­oral Elec­tions Huge Clash, Clashes

You may also like this video

Exit mobile version