Site iconSite icon Janayugom Online

ഡല്‍ഹിയിലെ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗമില്ലെന്ന് ഡല്‍ഹി പൊലീസ്

ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ നടന്ന ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. ഇത് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിച്ചെന്നും പൊലീസ് പുതിയ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചു.

അസ്തിത്വത്തിന് നേരെയുള്ള ഭീഷണികളെ നേരിടാന്‍ തയാറാകണമെന്നാണ് പ്രസംഗങ്ങളിലുള്ളതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. മുസ്‌ലിം സമുദായത്തെ വംശീയ ഉന്മൂലനം നടത്തണമെന്നുള്ള വാക്കുകള്‍ പ്രസംഗങ്ങളിലുണ്ടായിരുന്നില്ല. ഏതെങ്കിലും സമുദായത്തിനെതിരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് ജനുവരി 12നാണ് സുപ്രിം കോടതി ഉത്തരാഖണ്ഡ്, കേന്ദ്ര സര്‍ക്കാരുകള്‍, ഡല്‍ഹി പൊലീസ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അഞ്ജന പ്രകാശ്, മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എന്നിവരാണ് വിദ്വേഷ പ്രസംഗങ്ങളില്‍ സുപ്രിം കോടതിയെ സമീപിച്ചത്.

ഡിസംബര്‍ 17ന് യതി നരസിംഹാനന്ദ് ഹരിദ്വാറിലും 19ന് ഹിന്ദു യുവവാഹിനി ഡല്‍ഹിയിലും നടത്തിയ ധര്‍മ സന്‍സദില്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമുണ്ടായി എന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതില്‍ ഡല്‍ഹി പരിപാടിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലമാണ് പൊലീസ് സമര്‍പ്പിച്ചത്.

കോടതി നിര്‍ദേശത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉദ്ധരിച്ചാണ് ഡല്‍ഹി പൊലീസിന്റെ മറുപടി. യോഗത്തിന്റെ പൊതുസന്ദേശത്തില്‍ നിന്ന് ഭിന്നമായി ഏതെങ്കിലും ഒറ്റപ്പെട്ട വാചകങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സഹിഷ്ണുതയുണ്ടായിരിക്കണം. മറ്റൊരു സമുദായത്തിന്റെ താല്പര്യങ്ങളെ ഹനിക്കാത്തിടത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ കേസില്‍ പൊതുതാല്പര്യങ്ങള്‍ അപകടത്തിലായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

Eng­lish sum­ma­ry; Del­hi Police says no hate speech at Dhar­ma Sansad in Delhi

You may also like this video;

Exit mobile version