വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്ന സാഹചര്യത്തില്‍, ദേശീയ തലസ്ഥാന മേഖലയിലെ അഞ്ചില്‍ നാല് കുടുംബങ്ങളും മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. അതേസമയം ഇന്നലെ മുതല്‍ ഡല്‍ഹിയിലെ മലിനീകരണം കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഗുരുതരമായ വിഭാഗത്തിലേക്ക് കൂപ്പുകുത്തിയതിന് ശേഷം തൊണ്ടവേദന, ചുമ, തിരക്ക്, നേത്ര രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങൾ വർധിക്കുകയാണെന്ന് കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ പഠനത്തിൽ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 8,097 പേരില്‍ 69 ശതമാനം ആളുകള്‍ക്കും തൊണ്ടവേദന, ചുമ പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ശ്വാസതടസം നേരിടുന്നവര്‍ 44 ശതമാനം പേരാണ്. തലവേദന(44), ഉത്കണ്ഠ(31) നേത്രരോഗം( 56) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. 18 ശതമാനം പേര്‍ വിദഗ്ധ ചികിത്സ തേടിയതായും സര്‍വേയിലുണ്ട്. സ്കൂളുകള്‍ അടച്ചുപൂട്ടിയതുള്‍പ്പെടെയുള്ള നടപടികള്‍ വായുമലിനീകരണ തോത് കുറയ്ക്കുന്നതില്‍ അപര്യാപ്തമാണെന്ന് ലോക്കൽ സർക്കിൾസ് അഭിപ്രായപ്പെടുന്നു. ഡല്‍ഹിയിലെ മലിനീകരണം 50 ശതമാനത്തിലധികം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഉടനടി ആരംഭിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവിശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് മലിനീകരണത്തിന് പ്രാഥമിക കാരണമെന്ന് 53 ശതമാനം ഡല്‍ഹി നിവാസികളും പറയുന്നു. ലോക്കല്‍ സര്‍ക്കിള്‍സ് 20,000 ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ മറ്റൊരു സര്‍വേയിലാണ് കണ്ടെത്തല്‍. മലിനീകരണം കുറയ്ക്കുന്നതിനായുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ‑ഇരട്ട വാഹന പദ്ധതിയിലും ജനങ്ങള്‍ക്ക് വേണ്ടത്ര മതിപ്പില്ല. 56 ശതമാനം ആളുകളും നയം അനുചിതമല്ലെന്ന അഭിപ്രായമുള്ളവരാണ്. 38 ശതമാനം പേരാണ് പദ്ധതി പിന്തുണയ്ക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി.
English Summary: Delhi pollution: increasing health problems
You may also like this video