Site iconSite icon Janayugom Online

ഡല്‍ഹികലാപം : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാക്കളായ് ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ശലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഈ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പൊലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ജസ്റ്റിസ് കൈത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പോയതോടെയാണ് പുതിയ ബെഞ്ചിനെ നിയോഗിച്ചത്.2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തി, രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിടാന്‍ ഗൂഢാലോചന നടത്തി തുടങ്ങിയവയായിരുന്നു കുറ്റങ്ങള്‍.ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി രണ്ടു തവണ തള്ളിയിരുന്നു. കേസില്‍ ഉമര്‍ ഖാലിദിന് പുറമെ, ഷാര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, അതാര്‍ ഖാന്‍, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ഹര്‍ജികളും പുതിയ ബെഞ്ച് പരിഗണിക്കും.

Exit mobile version