റഷ്യയിലെ നോവോസിബിര്‍സ്കില്‍ ഒരു ഡെലിവറി ജീവനക്കാരന്‍ പ്രായമായ സ്ത്രീയെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്, ഒരു അടിപ്പാതയിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ഡെലിവറി ജീവനക്കാരൻ വൃദ്ധയുടെ മുഖത്ത് ആഞ്ഞടിക്കുന്നതും, അവർ താഴെ വീണ ഉടനെ അയാൾ നടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഇയാളുടെ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡെലിവറി കമ്പനി ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്തതായി റഷ്യൻ പൊലീസ് സ്ഥിരീകരിച്ചു.
കാൽനടയാത്രക്കാർക്ക് നേരെ തുപ്പിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ മറ്റ് കേസുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ പറ്റുന്നതായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ വിവരിച്ചു. 70 വയസ്സിലധികം പ്രായമുള്ളതായി കരുതപ്പെടുന്ന സ്ത്രീക്ക് സാരമായ പരിക്കുകളൊന്നുമില്ല. അവർ ചികിത്സ തേടുകയും നിലവിൽ സുഖം പ്രാപിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

