Site iconSite icon Janayugom Online

കോവിഡ് കാലത്ത് ആവശ്യക്കാരേറി; മഞ്ഞളിന് വില ഉയർന്നു

turmericturmeric

ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർധിച്ചതോടെ വിലയും കുതിച്ചുയർന്നു. മുൻപ് കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഉണക്ക മഞ്ഞളിന് ഇപ്പോൾ 90 രൂപയ്ക്ക് മുകളിലാണ് വില. കോവിഡ് കാലത്താണ് മഞ്ഞളിന്റെ ഡിമാൻഡ് വർധിച്ചത്. മുൻപ് പാചകത്തിനും സൗന്ദര്യ വർധന വസ്തുക്കളുടെ നിർമ്മാണത്തിനുമാണ് മഞ്ഞൾ ഉപയോഗിച്ചിരുന്നതെങ്കിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ശുദ്ധമായ മഞ്ഞളിന് ആവശ്യക്കാർ ഏറി. കോവിഡ് വ്യാപനത്തോടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മഞ്ഞള്‍ ഉത്തമ ഔഷധമാണെന്നതു കൊണ്ട് ആളുകൾ കൂടുതലായി മഞ്ഞൾ ഉപയോഗിച്ചു തുടങ്ങി. കൂടാതെ മരുന്നു നിർമ്മാണത്തിനും മഞ്ഞൾ ഉപയോഗിക്കുന്നത് വർധിച്ചു. ഡിസംബറിൽ മഞ്ഞളിന്റെ വിളവെടുപ്പ് ആരംഭിച്ചിട്ടേയുള്ളൂ. ഏപ്രിൽ മാസമെത്തും മഞ്ഞളിന്റെ വിളവെടുപ്പ് അവസാനിക്കാൻ. മറ്റ് കൃഷികൾക്ക് ഇടവിളയായും അല്ലാതെയും ജില്ലയിൽ മഞ്ഞൾ കൃഷി ചെയ്തു വരുന്നു. തുടർച്ചയായ വർഷങ്ങളിൽ മഞ്ഞളിന് ലഭിച്ചതിൽ വച്ച് ഏറ്റവും നല്ല വിലയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മുൻപ് വിലയിടിവ് മൂലം കുറച്ചു കർഷകർ മഞ്ഞൾ കൃഷിയിൽ നിന്നും പിൻമാറിയിരുന്നു. 10, 15 വർഷമായി മഞ്ഞളിന് ഉണ്ടായിരുന്ന തുടർച്ചയായ വിലയിടിവാണ് ആളുകളെ മഞ്ഞൾ കൃഷിയിൽ നിന്നും പിന്നോട്ട് വലിച്ചത്.

Eng­lish Sum­ma­ry: Demand dur­ing the covid peri­od; The price of turmer­ic has gone up

You may like this video also

Exit mobile version