പുതുവർഷാരംഭത്തിൽ തന്നെ കുവൈറ്റിലെ പ്രവാസി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി ഫ്ലാറ്റ് വാടക വർധനവ്. ആരോഗ്യ ഇൻഷുറൻസ് നിരക്കുകളിലുണ്ടായ വർധനവിന് പിന്നാലെ വാടക കൂടി വർധിപ്പിച്ചത് സാധാരണക്കാരായ പ്രവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കുവൈറ്റ് നിയമപ്രകാരം അഞ്ച് വർഷത്തിനിടയിൽ വാടക വർധിപ്പിക്കാൻ പാടില്ലെന്ന് വ്യവസ്ഥ നിലവിലുണ്ട്. ഫ്ലാറ്റുകൾക്ക് ഡിമാൻഡ് കുറഞ്ഞ സമയത്ത് കുറഞ്ഞ വാടകയ്ക്ക് താമസക്കാരെ പ്രവേശിപ്പിക്കുകയും, വാടക കരാറിലും റെസിപ്റ്റിലും യഥാർത്ഥ (ഉയർന്ന) തുക തന്നെ രേഖപ്പെടുത്തിയതാണ് ഇപ്പോൾ മിക്കവരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വിസ ഇളവുകളെത്തുടർന്ന് ഫ്ലാറ്റുകൾക്ക് ആവശ്യം ഏറിയതോടെ, കരാറിലെ ഈ ഉയർന്ന തുക തന്നെ നൽകാൻ ഉടമകൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ നൽകിക്കൊണ്ടിരുന്ന തുകയേക്കാൾ വലിയൊരു തുക കരാറിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ, ഈ വർധനവിന് നിയമപരമായി സംരക്ഷണം തേടാൻ പ്രവാസികൾക്ക് സാധിക്കാത്ത അവസ്ഥയാണ്.
വിസ നിയന്ത്രണകാലത്ത് നൽകിയിരുന്ന ഇളവുകൾ ഒറ്റയടിക്ക് നിർത്തലാക്കിയത് കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നു. മലയാളികളുൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ നീക്കത്തിൽ ആശങ്കയിലായിരിക്കുന്നത്. ദീർഘനാളായി തൊഴിലില്ലാതെ കഷ്ടപ്പെടുന്നവരും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരും ഈ അധിക ബാധ്യത എങ്ങനെ മറികടക്കുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ആരോഗ്യ ഇൻഷുറൻസ് വർധനവും ജീവിതച്ചെലവ് ഏറിയതും പ്രവാസികളുടെ മുന്നോട്ടുള്ള ജീവിതത്തിന് വലിയ വെല്ലുവിളിയായി മാറുന്നുണ്ട്.

