Site iconSite icon Janayugom Online

സിറ്റിങ് സീറ്റുകൾ വെച്ചുമാറണമെന്ന ആവശ്യംം; കോൺഗ്രസിന് തടയിടാൻ ലീഗ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തടയിടാന്‍ തീരുമാനിച്ച് മുസ്ലിം ലീഗ് നേതൃത്വം. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ വര്‍ഷങ്ങളായി ഒറ്റ സീറ്റും ലഭിക്കാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ എങ്ങിനെയെങ്കിലും സീറ്റുകള്‍ കൈവശപ്പെടുത്തുന്നതിനാണ് നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ജയസാധ്യതയുള്ള പരമാവധിയിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക എന്ന തന്ത്രത്തിന് പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടിയായി. തങ്ങളുടെ കൈവശമുള്ള ഒറ്റ സീറ്റും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയ ലീഗ് നേതൃത്വമാവട്ടെ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദമുന്നയിച്ചാണ് ഇതിന് മറുതന്ത്രം മെനയുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ 20 വർഷമായി കോണ്‍ഗ്രസിന് ഒരൊറ്റ എംഎൽഎയേയും നയമസഭയിലേക്ക് പറഞ്ഞയക്കാന്‍ കഴിഞ്ഞിട്ടില്ല.

പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്തിരുന്നവരുള്‍പ്പെടെ മാറി ചിന്തിച്ചതോടെ കോണ്‍ഗ്രസിന്റെ കൈയ്യിലുണ്ടായിരുന്ന കൊയിലാണ്ടിയും കോഴിക്കോട് നോര്‍ത്തുമടക്കമുള്ള മണ്ഡലങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. ഇവിടങ്ങളിലൊന്നും ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന കണക്കുകൂട്ടലാണ് പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ സീറ്റ് കൈവശപ്പെടുത്തുവാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ലീഗ് നേതൃത്വം മനസിലാക്കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ത്തന്നെ ഇത്തരം ചര്‍ച്ചകള്‍ക്ക് വിരാമമിടണമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം വിവിധ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബലം പ്രയോഗിച്ച് സീറ്റ് കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ മറ്റു ഘടകകക്ഷികളെക്കൂടി ഒപ്പം നിര്‍ത്തി പ്രതിരോധം തീര്‍ക്കാനും തീരുമാനമായിട്ടുണ്ട്.

സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇതിനകം മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മലബാറിലെ പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂർ, തിരുവമ്പാടി, പേരാമ്പ്ര, അഴീക്കോട് സീറ്റുകള്‍ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്. കോഴിക്കോട് ജില്ലയിൽ 2006 മുതല്‍ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചിട്ടില്ല. ഇവിടെ മുന്നണിയുടെ മാനം കാത്തത് മുസ്ലിംലീഗാണ്. 2006ൽ ജില്ലയിലെ 12 സീറ്റുകളിൽ 11 ഉം എൽഡിഎഫ് നേടിയപ്പോൾ കുന്ദമംഗലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ലീഗ് പിന്തുണയോടെ മത്സരിച്ച യു സി രാമന് മാത്രമാണ് വിജയിക്കാനായത്. 2011ൽ 13 നിയമസഭാ സീറ്റുകളിൽ 10ലും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് നേടിയ മൂന്ന് സീറ്റിലും വിജയിച്ചത് ലീഗ് സ്ഥാനാർത്ഥികളാണ്. തിരുവമ്പാടിയിൽ നിന്നും സി മോയിൻ കുട്ടിയും കോഴിക്കോട് സൗത്തിൽ നിന്നും എം കെ മുനീറും കൊടുവള്ളിയിൽ നിന്ന് വി എം ഉമ്മറുമാണ് യുഡിഎഫ് പ്രതിനിധികളായി നിയമസഭയിലെത്തിയത്. 

2016ൽ 13 സീറ്റുകളിൽ 11 സീറ്റും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് ജയിച്ച രണ്ടും ലീഗിന്റെ സീറ്റുകളായിരുന്നു. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുളളയും കോഴിക്കോട് സൗത്തിൽ എം കെ മുനീറും. 2021ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് ജില്ലയിൽ രണ്ട് സീറ്റിൽ ഒതുങ്ങി. വടകരയിൽ ആർഎംപിഐ സ്ഥാനാർത്ഥി കെ കെ രമയും കോഴിക്കോട് സൗത്തിൽ നിന്ന് മാറിയ എം കെ മുനീർ കൊടുവളളിയിലും വിജയിച്ചു. 2001ലെ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് ആറ് സീറ്റുകളിൽ വിജയിക്കാനായിരുന്നു. അന്ന് രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികള്‍ വിജയിച്ചത്. കോണ്‍ഗ്രസ് ആവശ്യമുന്നയിച്ച തിരുവമ്പാടി സീറ്റ് സിഎംപിക്ക് നല്‍കി അവിടെ സി പി ജോണിനെ മത്സരിപ്പിക്കണമെന്ന് ലീഗ് നേതൃത്വം യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം കോണ്‍ഗ്രസ് മത്സരിക്കുന്ന നാദാപുരം മണ്ഡലം ലീഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്. തുടർച്ചയായി രണ്ട് വട്ടം ലീഗ് തോറ്റ മണ്ഡലം എന്ന നിലയിലാണ് കോണ്‍ഗ്രസ് തിരുവമ്പാടി സീറ്റില്‍ പിടിമുറുക്കുന്നത്. ലീഗിന്റെ സീറ്റായ പേരാമ്പ്ര ഏറ്റെടുക്കാനും കോണ്‍ഗ്രസ് താല്പര്യം അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോടാണ് കോണ്‍ഗ്രസ് കണ്ണുവെച്ചിട്ടുള്ള മറ്റൊരു മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച മണ്ഡലം എന്ന നിലയിലാണ് ഈ സീറ്റിനായി അവകകാശവാദം ഉന്നയിക്കുന്നത്. ഇത് വിട്ടുനല്‍കണമെങ്കില്‍ കണ്ണൂര്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് ലീഗ് ആവശ്യം. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുമല്ല. ഈ പശ്ചാത്തലത്തില്‍ സീറ്റിനെച്ചൊല്ലി മുന്നണിയില്‍ കോണ്‍ഗ്രസ്-ലീഗ് പോര് കനക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version