Site iconSite icon Janayugom Online

ഡല്‍ഹി സര്‍വകലാശാല വിവാദത്തില്‍; ജനാധിപത്യ സെമിനാര്‍ ഔട്ട് ഗോക്ഷേമ സെമിനാര്‍ ഇന്‍

ജനാധിപത്യ സെമിനാര്‍ റദ്ദാക്കി പകരം പഞ്ചദിന ഗോക്ഷേമ സെമിനാര്‍ നടത്താനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലുളള ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് (ഡിഎസ്ഇ) ഇന്നലെ നടത്താനിരുന്ന ഭൂമി- സ്വത്ത്- ജനാധിപത്യം എന്ന അക്കാദമിക സെമിനാര്‍ അവസാന നിമിഷം റദ്ദാക്കിയാണ് പകരം പഞ്ചദിന ഗോക്ഷേമ സെമിനാര്‍ നടത്തിയത്.

പശുക്ഷേമം, പശു അധിഷ്ഠിത സുസ്ഥിര കണ്ടുപിടിത്തങ്ങളുടെ പ്രോത്സാഹനവും എന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ പരിപാടിയായി രാഷ്ട്രീയ ഗോധാൻ സെമിനാര്‍ സംബന്ധിച്ച വിശദാംശങ്ങൾ ഫാക്കൽറ്റി അംഗങ്ങളുമായും വിദ്യാർത്ഥികളുമായും പങ്കിടാൻ സർവകലാശാല ഭരണകൂടം കോളജ് പ്രിൻസിപ്പൽമാരോട് നിർദ്ദേശിക്കുകയായിരുന്നു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അനുബന്ധ കോളജുകളും ഗോക്ഷേമ സെമിനാര്‍ നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒക്ടോബര്‍ 29നാണ് ഇതുസംബന്ധിച്ച നിര്‍ദേശം കോളജ് ഡീന്‍ ഇ മെയില്‍ വഴി കൈമാറിയത്. സെമിനാറില്‍ ഗോക്ഷേമ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും പ്രദര്‍ശനം കാണാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഇന്നലെ നടത്താനിരുന്ന ഭൂമി- സ്വത്ത്- ജനാധിപത്യം സെമിനാര്‍ റദ്ദാക്കിയാണ് പകരം ഗോക്ഷേമ സെമിനാര്‍ ആരംഭിച്ചത്. സര്‍വകലാശാലയിലെ അക്കാദമിക് വിദഗ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും ശക്തമായ വിയോജിപ്പ് മറികടന്നാണ് അധികൃതര്‍ ഗോക്ഷേമ സെമിനാര്‍ നടത്തിയത്.

ശാസ്ത്രീയ മനോഭാവത്തിൽ നിന്നും അക്കാദമിക് സമഗ്രതയിൽ നിന്നും മാറി അശാസ്ത്രീയവും കാലഹരണപ്പെട്ടതുമായ രാഷ്ട്രീയ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് സര്‍വകലാശാല അധികാരികള്‍ നടത്തിയതെന്ന് മിറാൻഡ ഹൗസിലെ പ്രൊഫസർ ആഭ ദേവ് ഹബീബ് പറഞ്ഞു. ഹൈന്ദവ ആചാരങ്ങളും അസംബന്ധ വിശ്വാസങ്ങളും വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് പോലുള്ള പ്രശസ്ത കോളജുകളില്‍ യാതൊരു പ്രസക്തിയുമില്ലാത്ത ഇത്തരം സെമിനാര്‍ നടത്തുന്നതിന്റെ യുക്തി ഇതുവരെ മനസിലായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version