Site iconSite icon Janayugom Online

സ്‌കൂളുകളിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്‌കൂളുകളിൽ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 5,000 കോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടങ്ങളാണ് പൊതു വിദ്യാലയങ്ങളിൽ നിർമ്മിച്ചത്. എന്നാൽ പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്കൂൾ കെട്ടിടങ്ങൾ അതേപടി നിലനിൽക്കുകയാണ്. പല സ്കൂളുകളിലും 100 കൊല്ലത്തിലധികം പഴക്കമുള്ള ഇത്തരം കെട്ടിടങ്ങൾ നിലവിലുണ്ട്.

നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കാൻ ലേലം പിടിച്ച കോൺട്രാക്ടർമാർ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൻ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനം പലയിടത്തും തടസപ്പെടുകയാണ്. ഇക്കാര്യം ഗൗരവമായി കണ്ടുകൊണ്ട് ന്യായമായും നിയമപരമായും ചെയ്യേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്ത്‌ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ കെട്ടിടങ്ങൾ നിലംപൊത്തുന്ന സാഹചര്യം ഉണ്ടാകും. ആയതിനാൽ ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

Exit mobile version