Site iconSite icon Janayugom Online

സംഭാൽ പള്ളി പൊളിക്കുന്നത് സ്റ്റേ ചെയ്യാനാവില്ല; പള്ളി കമ്മിറ്റിയുടെ ഹർജി തള്ളി ഹൈക്കോടതി

സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംഭാൽ പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദിനേശ് പഥക്കിന്റെ ബെഞ്ചാണ് അടിയന്തര സ്റ്റേ ആവശ്യം തള്ളിയത്.

വാദങ്ങൾ കേട്ട ശേഷം, കീഴ്‌ക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി പള്ളി കമ്മിറ്റിക്ക് നിർദേശം നൽകി. സർക്കാർ ഭൂമിയിലെ നിർമ്മാണങ്ങൾ നീക്കം ചെയ്യാൻ ഭരണകൂടം നാല് ദിവസത്തെ സമയം നൽകിയിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ പള്ളി മതിലിന്റെ ചില ഭാഗങ്ങൾ കമ്മിറ്റി അംഗങ്ങൾ സ്വയം പൊളിച്ച് നീക്കിയതായി റിപ്പോർട്ടുകളുണ്ട്.

ദസറ ദിനത്തിൽ 200ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് തുടങ്ങിയവരെ കേസിൽ കക്ഷികളാക്കിയിട്ടുണ്ട്.

Exit mobile version