Site iconSite icon Janayugom Online

ഡെങ്കി: രോഗലക്ഷണങ്ങളെ അവഗണിക്കരുത്

ഡെങ്കി കേസുകളും മരണങ്ങളും സംസ്ഥാനമൊട്ടാകെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു. അപായ സൂചനകൾ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാൻ സഹായിക്കും. പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിനു പുറകിൽ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ. രോഗബാധിതർ ചികിത്സയോടൊപ്പം പരിപൂർണ്ണ വിശ്രമം എടുക്കേണ്ടതാണ്.

തുടർച്ചയായ ചർദ്ദി, വയറുവേദന, ശരീരത്തിൽ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മർദ്ദം താഴുക എന്നിവ അപായ സൂചനകളാണ്. കുഞ്ഞുങ്ങൾക്ക് രോഗബാധ ഉണ്ടായാൽ ശരീരോഷ്മാവ് കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി നൽകുക. തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നൽകുക. വിശ്രമിക്കുക. ജലാംശം ശരീരത്തിൽ കുറയുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞുങ്ങളുടെ ഉയർന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുള്ള അസ്വസ്ഥത നാവ്, വായ, ചുണ്ട് എന്നിവ വരണ്ടു കാണുക, മയക്കം, ക്ഷീണത്തോടെ ഉറക്കം തൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക കഠിനമായ കാല് വേദന, ചർദിൽ വയറുവേദന, മോണ പോലെയുള്ള ശരീര ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാവുക, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടിയന്തരമായി ഡോക്ടറെ കാണേണ്ടതാണ്.

പനി മാറിയാലും മൂന്നുനാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം കരിക്കിൻ വെള്ളം പഴ ചാറുകൾ മറ്റു പാനീയങ്ങൾ തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കണം.സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ വാങ്ങി കഴിക്കരുതെന്നും നിർദ്ദേശമുണ്ട്.

Exit mobile version