Site icon Janayugom Online

യുപിയില്‍ ഡെങ്കിപനി വ്യാപിക്കുന്നു; പത്ത് ദിവസത്തിനിടെ 53 മരണം

ഉത്തർപ്രദേശിൽ ഡെങ്കിപനി വ്യാപിക്കുന്നു. ഫിറോസാബാദിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പനി മൂലം മരിച്ചത് 53 പേരാണ്. ഇതിൽ 45 പേരും കുട്ടികളാണ്. 180ലധികം പേരെ ഫിറോസാബാദിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ കൂടുതൽ പേർക്കും വൈറൽ പനിയാണെന്നും ചിലർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

സംഭവത്തിൽ മുഖ്യമന്ത്രി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. രോഗികൾക്ക് കൃത്യമായ പരിചരണം നൽകാനായി 25 ദുരിതബാധിത സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ നിന്നുള്ള സംഘം രോഗവ്യാപനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. അതിനിടെ ഉത്തർപ്രദേശിലെ കോവിഡ് സാഹചര്യവും നിയന്ത്രണാതീതമായി തുടരുന്നു. പ്രതിദിന രോഗികളും മരണനിരക്കും ഉയരുകയാണ്. രണ്ടാം തരംഗം പിടിമുറുക്കിയ സംസ്ഥാനത്ത് ബിജെപി സർക്കാരിന്റെ ഇടപെടൽ അപര്യാപ്തമാണ്. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. ശ്മശാനങ്ങളിൽ മൃതദേഹങ്ങളുമായി മണിക്കൂറുകൾ കാത്തുനിൽക്കുന്ന കാഴ്ചയും നൊമ്പരപ്പെടുത്തുന്നു. കോവിഡ് വ്യാപനം വർധിക്കുന്ന ജില്ലകളിൽ പൂർണഅടച്ചുപൂട്ടൽ ഏർപ്പെടുത്തിക്കൂടേയെന്ന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി ആരാഞ്ഞിരുന്നു. 

സംസ്ഥാനത്ത് വ്യാഴാഴ്ച 22,439 പേരാണ് രോഗബാധിതരായത്. 114 പേർ മരിച്ചു. ലഖ്നൗ, പ്രയാഗ്രാജ്, വാരാണസി, കാൺപുർ നഗർ ജില്ലയിലാണ് കൂടുതൽ രോ​ഗികൾ. ലഖ്നൗവിലെ ശ്മശാനങ്ങളിൽ മൃതദേഹവുമായി ബന്ധുക്കൾ എട്ടും പത്തും മണിക്കൂർ കാത്തുനിൽക്കേണ്ട അവസ്ഥ. കോവിഡ് മരണ കണക്കിലെ വൈരുധ്യവും ചർച്ചയായി. ലഖ്നൗവിൽ കഴിഞ്ഞ ആഴ്ച 124 മരണമുണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ, ഭൈകുന്ദ്ദാം, ഗുലാലഘാട്ട് ശ്മശാനങ്ങളിൽ കഴിഞ്ഞ ആഴ്ച നാനൂറിലധികം മൃതദേഹം സംസ്കരിച്ചു. 

​ഗുജറാത്തിലും കോവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ്. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നിവിടങ്ങളിൽ ആശുപത്രികൾ തിങ്ങിനിറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവർക്ക് പ്രാണവായു (ഓക്സിജൻ) നൽകാനാകുന്നില്ല. റെംഡിസിവിർ ഇൻജക്ഷൻ കിട്ടാനില്ല. മരണനിരക്കും ഉയരുന്നു. ബുധനാഴ്ചമാത്രം 73 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ഭേദമാകുന്നവരുടെ എണ്ണം കുറഞ്ഞുതന്നെ. അടുത്ത ആഴ്ചകളിൽ രോഗവ്യാപനം മൂർധന്യാവസ്ഥയിലെത്തുമ്പോൾ സംസ്ഥാനം അതിഭീകരമായ അവസ്ഥ നേരിടേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
eng­lish summary;Dengue out­break in UP updates
you may also like this video;

Exit mobile version