Site iconSite icon Janayugom Online

ആനുകൂല്യ നിഷേധം: നീതി തേടി അഗ്നീവീറിന്റെ മാതാവ് ഹൈക്കോടതിയില്‍

ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മു കശ്മീരിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ മുരളി നായിക്കിന്റെ മാതാവ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അഗ്നിപഥ് പദ്ധതി അഗ്നിവീർമാരും സാധാരണ സൈനികരും തമ്മിൽ ഏകപക്ഷീയമായ വേർതിരിവ് സൃഷ്ടിക്കുന്നുവെന്നും മരണാനന്തരം അഗ്നിവീറിന് സൈനികന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നും മുരളി നായിക്കിന്റെ മാതാവ് ജ്യോതിഭായ് നായിക് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ മേയ് ഒമ്പതിന് പൂഞ്ചിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് മുരളി നായിക് കൊല്ലപ്പെട്ടത്. സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി അഗ്നിവീർമാരെ പോസ്റ്റ്-സർവീസ് പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് സാധാരണ സൈനികർക്ക് ലഭ്യമാകുന്ന മറ്റ് ദീർഘകാല ക്ഷേമ ആനുകൂല്യങ്ങളിൽനിന്നും ഒഴിവാക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തിന് ഏകദേശം ഒരുകോടി രൂപ എക്സ്-ഗ്രേഷ്യ ലഭിച്ചുവെങ്കിലും സ്ഥിരമായി കുടുംബ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. സർവീസിലിരിക്കെ മരിക്കുന്ന അഗ്നിവീർമാരുടെ കുടുംബങ്ങൾക്ക് പെൻഷനുകൾ, ക്ഷേമനടപടികൾ എന്നിവയുൾപ്പെടെ ഒരു സൈനികന് ലഭിക്കേണ്ട തുല്യ മരണാനന്തര ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Exit mobile version