Site iconSite icon Janayugom Online

സൗജന്യയാത്രാ നിഷേധം റയിൽവേ കൊള്ളയടിച്ചത് 2021 കോടി

കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്കുൾപ്പെടെ അർഹരായ വിഭാഗങ്ങൾക്കുള്ള സൗജന്യ നിരക്ക് നിർത്തിയതു വഴി ഇന്ത്യൻ റയിൽവേ ലാഭിച്ചത് 2021 കോടി. ഗുരുതര രോഗികൾക്കു് ഒഴികെയുള്ള യാത്രാ സബ്സിഡികൾ കോവിഡിന്റെ മറവിൽ നിർത്തിവച്ചപ്പോൾ യാത്രാക്കൂലി ഇളവിലൂടെയുള്ള നഷ്ടം 2019–20 ൽ 2,059 കോടി രൂപയായിരുന്നത് 20–21 ൽ 38 കോടി രൂപയായി കുറഞ്ഞതായി റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു.

കോവിഡ് കാലത്ത് യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കിയിട്ടും അർഹരായവർക്കുള്ള സൗജന്യം നിഷേധിച്ചാണ് സബ്സിഡി നഷ്ടം കുറച്ചത്. കോവിഡ് കാരണം നിർത്തിവച്ചിരുന്ന പല സർവീസുകളും കഴിഞ്ഞ ദിവസങ്ങളിൽ റയിൽവേ പുനഃസ്ഥാപിച്ചു. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെയുള്ള യാത്രാ ഇളവുകൾ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. യാത്രാക്കൂലി ഉയർന്ന സബ്സിഡിയുള്ളതാണെന്നും അതിൽ നിന്നുള്ള വരുമാനം ദേശീയ ഗതാഗത ചെലവിന്റെ ശരാശരിയെക്കാൾ കുറവാണെന്നുമാണ് ഇക്കാര്യത്തില ലോക്‌സഭയിലെ ചോദ്യത്തിന് റയിൽവേ മന്ത്രിയുടെ മറുപടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റയിൽവേ ഇളവുകൾ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. അവ പിൻവലിക്കാൻ വിവിധ കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു. 2019–20 കാലയളവിൽ ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച വരുമാനം 50, 669.09 കോടിയാണ്. കൊറോണ പ്രതിസന്ധി നേരിട്ട 20–21 ൽ ടിക്കറ്റ് വരുമാനം 15,248.49 കോടി രൂപയായി കുറഞ്ഞു. അതേസമയം ഈ വർഷം സെപ്റ്റംബർ വരെ യാത്രാക്കൂലിയായി 15,434.18 കോടി രൂപ ലഭിച്ചു. 2019–20 കാലയളവിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വില്പനയിലൂടെ 160.87 കോടിയിരുന്നു വരുമാനം.

ലോക്ഡൗൺ സാഹചര്യത്തിൽ തൊട്ടടുത്തടുത്ത വർഷം ഇത് 15.48 കോടി രൂപയായി കുറഞ്ഞു. ഇക്കൊല്ലം സെപ്റ്റംബർ വരെ 60.79 കോടി രൂപയായിരുന്നു പ്ലാറ്റ്ഫോം ടിക്കറ്റ് വരുമാനം.

Eng­lish Sum­ma­ry: denial of free trav­el Rail­ways loot­ed Rs 2,021 crore

You may like this video also

Exit mobile version