Site iconSite icon Janayugom Online

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് അവകാശ നിഷേധം; ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല

ജനകീയ പ്രശ്നങ്ങളും സുപ്രധാന വിഷയങ്ങളും ഉന്നയിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടുന്ന നടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം തടയുന്നതിന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ച് ഭരണപക്ഷം രക്ഷപ്പെട്ടു. രാവിലെ ലോക്‌സഭ ആരംഭിച്ചയുടനെ കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അഞ്ച് മിനിറ്റിനുള്ളില്‍ സഭ 12 വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. തുടര്‍ന്ന് 12ന് വീണ്ടും ആരംഭിച്ചുവെങ്കിലും പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ തിങ്കളാഴ്ച വരെ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇന്ത്യ — യുഎസ് കരാര്‍, മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തകത്തിലൂടെയുണ്ടായ വെളിപ്പെടുത്തല്‍, എപ്സറ്റീന്‍ ഫയലില്‍ പ്രധാനമന്ത്രിയെ കുറിച്ചുണ്ടായ പരാമര്‍ശം തുടങ്ങിയ വിഷയങ്ങളെയാണ് ഭരണപക്ഷം ഭയന്നത്. 

ഇക്കാര്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതക്കളുടെ പ്രസംഗം വിലക്കിയ നടപടിക്കെതിരെ ഇന്നും സഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. 2020ല്‍ ഗാല്‍വാന്‍ അതിര്‍ത്തി കടന്ന് ചൈനീസ് പട്ടാളം പ്രവേശിച്ചിട്ടും തിരിച്ചടിക്ക് അനുമതി നല്‍കാന്‍ പ്രതിരോധം മന്ത്രാലയം അനുവദിച്ചില്ലെന്നായിരുന്നു മുന്‍ കരസേന മേധാവി എം എം നരവനെയുടെ ഓര്‍മ്മക്കുറിപ്പിലുണ്ടായിരുന്നത്. ഇന്ന് ഇന്ത്യ‑യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തെ അമേരിക്കയ്ക്ക് അടിയറവച്ചതായും പ്രതിപക്ഷം ആരോപിച്ചു. സഭയ്ക്ക് പുറത്ത് മകരദ്വാറിലും പ്രതിഷേധിച്ചു.

രാജ്യസഭയിലും സമാനമായ സ്ഥിതിവിശേഷമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ രണ്ട് വരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് നടപടികള്‍ ആരംഭിച്ചു. വെെകാതെ പിരിയുകയായിരുന്നു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷത്തെ ഭയന്ന് ഓടിയൊളിച്ച പ്രധാനമന്ത്രി ഇതിന്റെ ജാള്യത പരിഹരിക്കാന്‍ രാജ്യസഭ വേദിയാക്കിയിരുന്നു. നേരത്തെ ലോക്‌സഭാ നടപടി തടസപ്പെടുത്തിയെന്നും 19 മണിക്കൂര്‍ പാഴാക്കിയെന്നും സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ അവകാശം ധ്വംസിക്കുന്ന വിധത്തിലാണ് സഭാനാഥനടക്കം പെരുമാറിയതെന്നും സഭ തടപ്പെട്ടതിന് ഉത്തരവാദികള്‍ ട്രഷറി ബെഞ്ചാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 

Exit mobile version