ജീവിത പങ്കാളിക്ക് മനഃപൂർവം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിനുശേഷം 35 ദിവസംമാത്രം ഒന്നിച്ചുകഴിഞ്ഞ ദമ്പതിമാര്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ലൈംഗിക ബന്ധമില്ലാത്ത വിവാഹം നിന്ദ്യമായതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലെ നിരാശയേക്കാൾ മാരകമായി വിവാഹബന്ധത്തില്‍ മറ്റൊന്നുമില്ലെന്നും കോടതി പറഞ്ഞു. ഭാര്യ ലൈംഗികത നിഷേധിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവ് വിവാഹമോചനക്കേസ് നല്‍കിയത്. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് പീഡിപ്പിച്ചെന്നും യുവതി പൊലീസില്‍ പരാതി നല്‍കിയതും ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധന പീഡനത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. പങ്കാളിക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണ്. പ്രത്യേകിച്ച് നവദമ്പതികള്‍ക്കിടയില്‍ അങ്ങനെ സംഭവിച്ചാല്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
2004ല്‍ ആണ് ഹിന്ദു ആചാര പ്രകാരം യുവാവും യുവതിയും വിവാഹിതരായത്. ഒരു മാസത്തിനു ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ച് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വന്നില്ല. ഭര്‍ത്താവ് പിന്നീട് വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചു. അതിനിടെ യുവതി സ്ത്രീധന പീഡന പരാതി നല്‍കിയതോടെ യുവാവിനെതിരെ കേസെടുത്തു. എന്നാല്‍ സ്ത്രീധന പീഡനം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഈ പരാതി ക്രൂരതയായേ കണക്കാക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് യുവാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
English Summary: Denial of sex by spouse amounts to cruelty: Delhi HC
You may also like this video