Site iconSite icon Janayugom Online

ദമ്പതികള്‍ക്ക് ആരോഗ്യവകുപ്പിന്റെ ആദരം

കോവിഡ് മഹാമരിക്കാലത്ത് ജനങ്ങളെ ബോധവത്കരിക്കാന്‍ ആരോഗ്യ വകുപ്പിനായി അവബോധ വീഡിയോകള്‍ സൗജന്യമായി ചെയ്തു നല്‍കിയ കണ്ണനുണ്ണി — അനു കണ്ണനുണ്ണി ദമ്പതികള്‍ക്ക് ആദരം. അന്‍പതിലധികം അവബോധ വീഡിയോകള്‍ ചെയ്ത ദമ്പതികളെ ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് ജില്ലാ ആസ്ഥാനത്തുവച്ച് ഇന്നലെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ആലപ്പുഴ വളവനാട് സ്വദേശികളാണ് കണ്ണനുണ്ണിയും, അനുവും. ആദ്യ ലോക്ക്ഡൗണ്‍ കാലത്താണ് ജനങ്ങളില്‍ കോവിഡിനെകുറിച്ച് വ്യത്യസ്തമായി അവബോധ വിഡിയോ എത്തിക്കുക എന്ന ആശയവുമായി മാസ് മീഡിയ ഓഫീസര്‍ സുജ ആദ്യമായി ഒരു വീഡിയോ ചെയ്യാന്‍ മിമിക്രി കലാകാരനായ കണ്ണനുണ്ണിയെ സമീപിക്കുന്നത്. വീഡിയോയ്ക്കായി സിനിമയിലെ ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു അഭ്യര്‍ഥന.

റാംജിറാവൂ സ്പീക്കിങ്ങിലെ കമ്പിളി പുതപ്പ് സീനാണ് ആദ്യമായി അവബോധ വീഡിയോക്കായി തിരഞ്ഞെടുക്കുന്നത്. മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഫോണിലൂടെ ക്ഷണിക്കുന്ന സ്ത്രീയോട് കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ല എന്നു പറഞ്ഞ് ഒഴിവാക്കുന്ന സീന്‍ ഒത്തുചേരലുകള്‍ ഒഴിവാക്കാം എന്ന ആശയവുമായി പുറത്തിറങ്ങി. സംഭവം ക്ലിക്ക് ആയതോടെ പിന്നീട് രണ്ടു വര്‍ഷക്കാലത്തോളമായി അന്‍പതിലധികം ഹിറ്റ് വീഡിയോകളാണ് ഇരുവരും ആരോഗ്യ വകുപ്പിനായി സമ്മാനിച്ചത്. ഇതില്‍ കിലുക്കത്തിലെ രേവതി — മോഹന്‍ലാല്‍ സീനും, ചെമ്മീനിലെ മധു — ഷീല സീനുമെല്ലാം ഏറെ വൈറലായി. വീഡിയോകള്‍ ആരോഗ്യവകുപ്പിന്റെയും, പിആര്‍ഡിയുടെയും പേജുകളിലും എത്തി.

കലകൊണ്ട്, ശബ്ദം കൊണ്ട് തങ്ങള്‍ക്ക് ആവുന്ന വിധത്തില്‍ ആരോഗ്യ വകുപ്പിനായി കോവിഡ് പോരാളികളായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കണ്ണനുണ്ണി — അനു ദമ്പതികള്‍ പറയുന്നു. ഫോണില്‍ തന്നെയാണ് വിഡിയോകള്‍ എഡിറ്റ് ചെയ്തതും, ശബ്ദം നല്‍കിയതും. റേഡിയോ അവതാരകര്‍ കൂടിയാണ് ഇരുവരും. അനു ഒരു സ്ത്രീ സംരംഭക കൂടിയാണ്. ചടങ്ങില്‍ ഡിസ്ട്രക്റ്റ് മീഡിയ ഓഫീസര്‍ പി എസ് സുജ, ഡെപ്യുട്ടി മീഡിയ ഓഫീസര്‍മാരായ അരുണ്‍ലാല്‍, ചിത്ര എന്നിവരും സന്നിഹിതരായിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാരുടെയും, ഹോസ്പിറ്റല്‍ സൂപ്രണ്ടുമാരുടെയും ജില്ലാതല കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു പുരസ്‌കാര ദാനം.

Eng­lish sum­ma­ry; Depart­ment of Health Alappuzha

You may also like this video;

Exit mobile version