Site icon Janayugom Online

കരുതലോടെ കേരളം ; മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിലും വീട്ടിലും മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി ആരോഗ്യ വകുപ്പ്. കോവിഡിന്റെ പശ്ചാത്തലം, ശക്തമായ മഴ എന്നിവ കണക്കിലെടുത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന വിധമുള്ള മാനസിക സേവനങ്ങളാണ് നല്‍കിയത്. ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ എല്ലാ ജില്ലകളിലും മാനസികാരോഗ്യ ടീമുകളെ രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ഇതുവരെ 41 ക്യാമ്പ് സന്ദര്‍ശനങ്ങളും നിരവധി ഭവന സന്ദര്‍ശനങ്ങളും നടത്തി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെ 333 പേര്‍ക്ക് ഗ്രൂപ്പ് തെറാപ്പി സെഷനുകളും ആവശ്യമുള്ള 61 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും നല്‍കി. 23 പേര്‍ക്ക് ഔഷധ ചികിത്സയും ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കുവാന്‍ ടീമുകളെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തിയത്. ദുരന്തത്തില്‍പ്പെട്ടവരെ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഈ ടീമുകള്‍ പ്രധാനമായും ശ്രദ്ധിച്ചത്. ഇതില്‍ തന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. ഇതിനോടൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും മാനസിക രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നല്‍കുവാനും ടീമുകള്‍ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗവും അവയുടെ ലഭ്യതക്കുറവ് മൂലവും ‘വിത്ത്ഡ്രാവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നല്‍കി വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് പോയപ്പോള്‍ ഭവന സന്ദര്‍ശന സേവനങ്ങള്‍ക്കായി പ്രത്യേക ടീമുകളേയും സജ്ജമാക്കി. മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേ ദിശയുടെ 1056 വഴിയും സേവനം ലഭ്യമാണ്.
ENGLISH SUMMARY;Department of Health has pro­vid­ed men­tal health ser­vices in camps and homes
YOU MAY ALSO LIKE THIS VIDEO;

Exit mobile version