Site iconSite icon Janayugom Online

ബലക്ഷയമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കാൻ ആരോഗ്യവകുപ്പ്

കോട്ടയം മെഡിക്കൽ കോളജിലെ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ കണക്കെടുക്കാൻ ആരോഗ്യവകുപ്പ്.
മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ആരോഗ്യവകുപ്പ് ഡയറക്ടേറ്റിന് കീഴിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലും ബലക്ഷയമുള്ള കെട്ടിടങ്ങളുടെ കണക്കാണ് ശേഖരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് അതാത് സ്ഥാപന മേധാവിമാർ വകുപ്പ് മേധാവിമാർക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇമെയിലായി വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കാനാണ് നിർദേശം. ആശുപത്രി സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചതിന് പിന്നാലെ കണക്കെടുപ്പും തുടങ്ങി. ചോർച്ച, ഗുരുതരമായ വിള്ളൽ, പൊളിഞ്ഞിളകൽ എന്നീ പ്രശ്നങ്ങളുള്ള കെട്ടിടങ്ങളുടെ കണക്കാണെടുക്കുന്നത്. ഇത് കൂടാതെ പൊളിക്കാൻ നിശ്ചയിച്ച കെട്ടിടങ്ങളിൽ രോഗികളെ പാർപ്പിക്കുന്നുണ്ടോ, ടെണ്ടർ ഉൾപ്പെടെയുള്ള സങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പഴയകെട്ടിടങ്ങൾ പൊളിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ സ്ഥാപന മേധാവിമാർ റിപ്പോർട്ടിൽ ഉള്‍പ്പെടുത്തണം. മെഡിക്കൽ കോളജുകൾ മുതൽ താഴേതട്ടിലുള്ള ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതിയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Exit mobile version