Site iconSite icon Janayugom Online

നാടുകടത്തല്‍: മെഹുല്‍ ചോക്സിയുടെ അപ്പീല്‍ തള്ളി

ഇന്ത്യക്ക് കെെമാറുന്നതിനെതിരെ മെഹുല്‍ ചോക്സി സമര്‍പ്പിച്ച അപ്പീല്‍ ബെല്‍ജിയം സുപ്രീം കോടതി തള്ളി. ഇന്ത്യയുടെ നാടുകടത്തൽ അഭ്യർത്ഥന അംഗീകരിച്ച കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഇന്ത്യയിൽ നീതി നിഷേധിക്കൽ, പീഡനം, മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം എന്നിവ സംബന്ധിച്ച ചോക്സിയുടെ അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നീരിക്ഷണവും കോടതി അംഗീകരിച്ചു.

ചോക്സി നൽകിയ രേഖകൾ, ഇന്ത്യയില്‍ നീതി നിഷേധിക്കപ്പെടാനോ പീഡനത്തിനോ മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിനോ വിധേയനാകാനുള്ള സാധ്യതയുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി ചെലവ് വകയില്‍ ചോക്സിക്ക് 104 യൂറോ പിഴയും ചുമത്തി. കൈമാറൽ നടപടികൾ ആഭ്യന്തര നിയമത്തിനും യൂറോപ്യൻ മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കും അനുസൃതമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ ലംഘനം, തട്ടിക്കൊണ്ടുപോകൽ സാധ്യത, ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുൾപ്പെടെ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചോക്സി നാടുകടത്തലിനെ എതിര്‍ത്തത്. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് നടത്തി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളിയാണ് മെഹുല്‍ ചോക്‌സി. 2011 നും 2018 നും ഇടയി നടന്ന തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ചുമത്തിയിട്ടുള്ളത്.

Exit mobile version