Site icon Janayugom Online

രാജ്യത്ത് 400 വർഷത്തേക്കുള്ള കൽക്കരി ശേഖരമുണ്ടെങ്കിലും കേന്ദ്രം ഇറക്കുമതി തുടരുന്നു

രാജ്യത്ത് അനേക വര്‍ഷങ്ങള്‍ ഉപയോഗിക്കാനുള്ള കല്‍ക്കരി ഖനനം ചെയ്യപ്പെടാതെ കിടക്കുമ്പോള്‍, കല്‍ക്കരി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്ന് പാര്‍ലമെന്ററി സമിതി. കല്‍ക്കരി ഇറക്കുമതി ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ടതാണെന്നും സമിതി അഭിപ്രായപ്പെട്ടു. 34,402 കോടി ടണ്‍ കല്‍ക്കരി സ്രോതസ് രാജ്യത്തെ ഖനികളില്‍ ഉണ്ടെങ്കിലും, ഇപ്പോള്‍ പ്രതിവര്‍ഷം ഏകദേശം 72.90 കോടി ടണ്‍ കല്‍ക്കരിയാണ് ഖനനത്തിലൂടെ ലഭിക്കുന്നത്. ഈ നില തുടരുകയാണെങ്കില്‍ 400 വര്‍ഷത്തിലധികം കാലം ഉപയോഗിക്കാനുള്ള കല്‍ക്കരി രാജ്യത്ത് നിലവിലുണ്ടെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ശ്രദ്ധേയമായ കല്‍ക്കരി സ്രോതസ് ഇന്ത്യയിലുണ്ടായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് സമിതി കണ്ടെത്തി. രാജ്യത്ത് ഒരു വര്‍ഷം ഉപയോഗിക്കുന്ന കല്‍ക്കരിയുടെ 17 ശതമാനത്തോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്.

ജനതാദള്‍ (യുണൈറ്റഡ്) നേതാവ് രാജീവ് രഞ്ജന്‍ സിങ്(ലലന്‍ സിങ്) നേതൃത്വം നല്‍കുന്ന സമിതിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചില വ്യവസായ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്ത കല്‍ക്കരി മാത്രം ഉപയോഗിക്കാന്‍ സംവിധാനമുള്ളവയാണെന്നും മറ്റു ചില സ്ഥാപനങ്ങളില്‍ ഇത് മിശ്രണത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിയെ ന്യായീകരിച്ച് ഉന്നയിക്കുന്ന വാദം. നമ്മുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും ഉപയോഗിക്കാവുന്ന അത്രയും കല്‍ക്കരി സ്രോതസ് രാജ്യത്ത് തന്നെ ഉണ്ടെന്ന വസ്തുത കണക്കിലെടുത്ത് കല്‍ക്കരി ഇറക്കുമതി ഘട്ടം ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കേണ്ടതാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

ഇവിടെ ലഭിക്കുന്ന കല്‍ക്കരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വ്യവസായശാലകളില്‍ ഇവ ഉപയോഗിക്കാന്‍ പര്യാപ്തമായ തരത്തില്‍ ബോയ്‌ലറുകള്‍ക്ക് മാറ്റം വരുത്താനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയോട് ചേര്‍ന്നുപോകുന്ന തരത്തില്‍ ഒരു കൃത്യമായ നയം ഇക്കാര്യത്തില്‍ നടപ്പിലാക്കണം. രാജ്യത്ത് ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ വൈദ്യുതി ലഭിക്കുന്നതിനും കല്‍ക്കരി സ്രോതസുകള്‍ പൂര്‍ണമായി ഉപയോഗിക്കുകയെന്ന നയം സഹായകമാകുമെന്നും ഇതിനായി കേന്ദ്ര കല്‍ക്കരി, വൈദ്യുതി മന്ത്രാലയങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

Eng­lish sum­ma­ry; Despite hav­ing 400 years of coal reserves in the coun­try, the Cen­ter con­tin­ues to import

You may also like this video;

Exit mobile version