രാസവസ്തുക്കളുടെ അളവ് കൂടിയതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി ചെയ്ത നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ട്.
2019നും 24നും ഇടയിലാണ് ഇത് നടന്നതെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത 527 ഉല്പന്നങ്ങളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ കണ്ടെത്തിയതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയവങ്ങളെ ദോഷകരമായി ബാധിക്കുന്ന 14 ഉല്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
മത്സ്യത്തിലും മറ്റ് ചില ഭക്ഷ്യവസ്തുക്കളിലും നിന്ന് മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങളും നീരാളി, കണവ അടക്കമുള്ള 21 ഉല്പന്നങ്ങളില്‍ കാഡ്മിയവും കണ്ടെത്തി. ഇത് വിട്ടുമാറാത്ത വൃക്ക രോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. കാന്‍സറിന് കാരണമാകുന്ന കീടനാശിനികള്‍ 59 ഉല്പന്നങ്ങളില്‍ അടങ്ങിയതായി റിപ്പോര്‍ട്ട് പറയുന്നു.
അരി, കറിമസാല, ഔഷധ സസ്യങ്ങള്‍ എന്നിവയില്‍ ട്രൈസൈക്ലാസോള്‍ എന്ന രാസവസ്തു കണ്ടെത്തി. അര്‍ബുദം വരാനും ജനിതകഘടനയെ നശിപ്പിക്കാനും കാരണമാകുന്നത് കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ ട്രൈസൈക്ലാസോള്‍ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച 52ലധികം ഉല്പന്നങ്ങളില്‍ ഒന്നിലധികം കീടനാശിനികളും കുമിള്‍നാശിനികളും കണ്ടെത്തിയിട്ടുണ്ട്. ചിലതില്‍ ഇത് അഞ്ചിലധികം വരും.
കയറ്റുമതി ചെയ്ത കറിമസാലകളില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ ഉല്പന്നങ്ങള്‍ക്ക് സിംഗപ്പൂരും ഹോങ്കോങ്ങും ഈമാസം ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ എംഡിഎച്ചിന്റെ 31 ശതമാനം കറിമസാല ഉല്പന്നങ്ങള്‍ അമേരിക്ക വേണ്ടെന്നുവയ്ക്കുകയാണ്. ശതാവരി, അശ്വഗന്ധ, എള്ള് തുടങ്ങിയ നൂറിലധികം സാധനങ്ങളില്‍ സാല്‍മോണല്ല ബാക്ടീരിയയും കണ്ടെത്തിയിരുന്നു.
എന്നാല്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെയും കയറ്റി അയയ്ക്കുന്നവയുടെയും ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ പറയുന്നു. അതേസമയം കഴിഞ്ഞദിവസം ഉല്പന്നങ്ങളിലെ രാസവസ്തുക്കളുടെ അനുവദനീയമായ പരിധി പത്തുമടങ്ങ് വരെ ഉയര്‍ത്തിയ അധികൃതരുടെ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
English Summary: Detection of chemical overdose; The European Union sent back more than 400 food items
You may also like this video