വിള്ളൽ വീണ ചേർത്തല ഇരുമ്പ് പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് കൃഷിമന്ത്രി പിപ്രസാദ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇരുമ്പുപാലത്തിൽ രണ്ടിടങ്ങളിലായി വിള്ളൽ കണ്ടെത്തിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് മന്ത്രിക്കും കിഫ്ബിക്കും സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൃഷിമന്ത്രി പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ്, പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെയും മുനിസിപ്പാലിറ്റി അധികൃതരുടെയും സംയുക്ത യോഗം വിളിച്ചു. പാലത്തിന്റെ നിലവിലുള്ള അവസ്ഥ പരിഗണിച്ച് ചേർത്തലയിൽ ബസുകളുടെയും ഭാരവണ്ടികളുടെയും ഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്താൻ യോഗത്തിൽ ധാരണയായി.
പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിന് താൽക്കാലികമായി എന്തു ചെയ്യാൻ സാധിക്കും എന്നത് പരിശോധിക്കും. സെന്റ് മേരിസ് പാലം അഞ്ചുമാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ഗതാഗത്തിന് തുറന്നു കൊടുക്കും. പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗത ക്രമീകരണം ആലോചിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തി. അവലോകനയോഗത്തിനുശേഷം ഉദ്യോഗസ്ഥ സംഘത്തോടൊപ്പം പാലം സന്ദർശിച്ച മന്ത്രി ചൊവ്വാഴ്ച തന്നെ കിഫ്ബി സംഘം പാലം പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയതായും അവരിൽ നിന്നും ആവശ്യമായ സാങ്കേതിക ഉപദേശം പ്രതീക്ഷിക്കുന്നതായും അറിയിച്ചു. വിള്ളൽ വീണ പാലം മന്ത്രി സന്ദർശിച്ചു. അവലോകന യോഗത്തിൽ യോഗത്തിൽ കൃഷിമന്ത്രിയോടൊപ്പം ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ. എ അരുൺ കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.