Site iconSite icon Janayugom Online

വേദനയെ തോല്പിക്കുന്ന നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് മത്സര വഴിയൊരുക്കി മന്ത്രി

കഠിനമായ ശാരീരിക വേദനയെയും രോഗാവസ്ഥയെയും മനക്കരുത്ത് കൊണ്ട് നേരിടുന്ന സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ വഴിയൊരുങ്ങി. സിയയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. 

കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സിയ ഫാത്തിമ ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതരമായ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ജില്ലാ കലോത്സവത്തിന് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്. യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ തൃശൂരിലെ മത്സരവേദിയിൽ നേരിട്ടെത്താൻ സിയയ്ക്ക് സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിയയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ മാനുഷിക പരിഗണന നൽകി അവൾക്ക് മാത്രമായി മന്ത്രി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇന്ന് രാവിലെ 11 മണിക്ക് വേദി 17 ആയ സിഎംഎസ്എച്ച്എസ്എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യും. രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെയെന്ന് മന്ത്രി പറഞ്ഞു. സിയയുടെ അതിജീവനത്തിന് സർക്കാർ നൽകുന്ന വലിയൊരു കൈത്താങ്ങായി ഈ തീരുമാനം മാറി. പടന്ന തെക്കേപുറത്ത് സിയ മൻസിലിൽ അബ്ദുൽ മുനീറിന്റെ മകളാണ് സിയ ഫാത്തിമ

Exit mobile version