Site iconSite icon Janayugom Online

സ്വര്‍ണമോഷണത്തില്‍ നടപടി ദേവസ്വം ബോർഡ് യോഗം ഇന്ന്

ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ജീവനക്കാർക്കെതിരെയും മുൻ ജീവനക്കാർക്കെതിരെയും നടപടിയെടുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തരയോഗം ഇന്ന് ചേരും. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കാണാതായതില്‍ കുറ്റക്കാരനെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയ ഒമ്പത് ഉദ്യോഗസ്ഥരിൽ 2019ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ബാബുവിനെ കൂടാതെ മരാമത്ത് എന്‍ജിനീയർ കെ സുനിൽകുമാറാണ് കുറ്റാരോപിതരിൽ ഇപ്പോൾ സർവീസിലുള്ളത്. മറ്റ് ഏഴുപേരും പലവർഷങ്ങളിലായി വിരമിച്ചു. 

ഇന്ന് ചേരുന്ന യോഗം സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തേക്കും. സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് ശില്പങ്ങളിൽ എന്നറിയാമായിരുന്നിട്ടും ചെമ്പു തകിടുകൾ എന്നുമാത്രമെഴുതിയ 2019 ജൂലൈ 19ലെയും 20ലെയും മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ടവരിൽ ഒരാളാണ് സുനിൽകുമാർ. 2019 സെപ്റ്റംബർ 11ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്നും ശില്പങ്ങൾ തിരികെ സ്ഥാപിക്കുമ്പോൾ തൂക്കം നോക്കാതെ പേരിന് മാത്രം മഹസർ തയ്യാറാക്കിയതും സുനിൽകുമാറായിരുന്നുവെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. 

വിരമിച്ച മുൻ തിരുവാഭരണം കമ്മിഷണർ കെ എസ് ബൈജു, തിരുവാഭരണം കമ്മിഷണറായിരുന്ന ആർ ഡി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുരേഷ് കുമാർ, വി എസ് രാജേന്ദ്രൻ, മുൻ സെക്രട്ടറി എസ് ജയശ്രീ, അഡ്മിനിട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിട്രേറ്റീവ് ഓഫിസർ കെ രാജേന്ദ്രൻ നായർ എന്നിവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ അടക്കം പിടിച്ചുവയ്ക്കാനുള്ള നടപടികളുടെ നിയമസാധുതകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും

Exit mobile version