Site iconSite icon Janayugom Online

ശബരിമല ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണ്ണ പാളി : ഉണ്ണികൃഷ്ണന്‍ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലന്‍സ്

ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലന്‍സ്. പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണപ്പാളി എത്തിച്ചത്. സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയം.ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം.ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്.

ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്.എല്ലാവർഷവും മകരവിളക്കിന് ദിവസങ്ങൾക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്.സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭക്തരെ പരിചയപ്പെടുന്നത്. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയെന്നും, ഇക്കാര്യം ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു .

സ്വർണപാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. ശബരിമലയിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലുമായി 1999‑ൽ അഞ്ച് കിലോ സ്വർണം പൂശിയെന്ന് വിജയ് മല്യക്ക് വേണ്ടി സ്വർണം പൂശിയത് പരിശോധിച്ച സെന്തിൽ നാഥൻ പറഞ്ഞു.1999ൽ സ്വർണം പൊതിഞ്ഞ ശേഷമുള്ള ദ്വാരപാലക ശിൽപ്പങ്ങളുടെ ചിത്രങ്ങളും സെന്തിൽ നാഥൻ പുറത്തുവിട്ടു.അങ്ങനെയെങ്കിൽ ആദ്യം പൂശിയ സ്വർണം എവിടെ പോയെന്ന ചോദ്യവും ബാക്കിയാകുന്നു.2019‑ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങൾ തന്നോട് ചോദിക്കേണ്ടെന്നാണ് ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പ്രതികരണം.

Exit mobile version