വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെല്ലാം നഷ്ടങ്ങളും പ്രകടമാണ്. മാറ്റങ്ങളോരോന്നും ഇന്നലെകളുടെ ചെയ്തികളുടെ ഫലങ്ങളില്‍ കേന്ദ്രീകരിക്കുന്നു. ആഗോളതാപനം ഉത്തമ ഉദാഹരണമാണ്. അരുവികളുടേയും നദികളുടേയും ഗതി മാറ്റുകയും തടിക്കും കൃഷി ഭൂമിക്കുമായി ഉഷ്ണമേഖലാ കാടുകൾ വെട്ടി വെളുപ്പിക്കുകയും ചെയ്തു. മണ്ണൊലിപ്പ്, ഓസോൺ പാളികളിലെ മാറ്റം എന്നിവയ്ക്ക് ഇത് കാരണമായി. പുകമഞ്ഞ് സാധാരണമായി. മത്സ്യസമ്പത്തിന്റെയും സമുദ്ര വിഭവങ്ങളുടെയും തകർച്ചയ്ക്ക് വഴിയൊരുങ്ങി. വംശനാശനിരക്ക് കുത്തനെ ഉയർന്നു. ഫ്രെഡറിക് ഏംഗൽസ് തന്റെ ഡയലക്ടിക്സ് ഓഫ് നേച്ചറിൽ മനുഷ്യൻ‑പ്രകൃതി സംഘട്ടനത്തെ വിശദീകരിച്ചത് കൂടുതൽ പ്രസക്തമാകുകയാണ്- “… മണ്ണിൽ വിളകൾ വിതയ്ക്കാനോ കൂടുതൽ നടാനോ വേണ്ടി മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യരുടെ എല്ലാ നടപടികളും ആസൂത്രിതമാണ്, അതേസമയം മൃഗങ്ങൾ ഒരിക്കലും ആസൂത്രണം ചെയ്യാറില്ല. മൃഗം പരിസ്ഥിതിയെ ഉപയോഗിക്കുകയും സാന്നിധ്യംകൊണ്ട് അതിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. മനുഷ്യൻ പരിസ്ഥിതിയിൽ തന്റേതായ മാറ്റങ്ങൾ വരുത്തി അതിലൂടെ അവന്റെ ലക്ഷ്യങ്ങൾ നേടുന്നു. പരിസ്ഥിതിക്കുമേൽ യജമാനത്വത്തിനു ശ്രമിക്കുന്നു. ഇതാണ് മനുഷ്യനും മറ്റ് മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, മനുഷ്യന്റെ അധ്വാനമാണ് ഈ വ്യത്യാസം സാധ്യമാക്കുന്നതും”. എന്നിരുന്നാലും, പ്രകൃതിയുടെമേലുള്ള മനുഷ്യ വിജയങ്ങളുടെ പേരിൽ നാം സ്വയം പുകഴ്ത്തരുത്. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പ്രതികാരം ചെയ്യുന്നു. പ്രകൃതിയുടെമേലുള്ള ഓരോ വിജയവും, പ്രതീക്ഷിച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ അത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അത് പലപ്പോഴും നേട്ടങ്ങളെ ഇല്ലാതാക്കുന്നു.
ഇതുകൂടി വായിക്കൂ: പ്രഹസനമല്ലെ മനുഷ്യാ നിന്റെയീ പ്രകൃതി സ്നേഹം
പ്രകൃതിയുടെ നിയമങ്ങളെക്കുറിച്ചുള്ള ബോധ്യം മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്ന ഹ്രസ്വകാല ദീർഘകാല ഫലങ്ങളെക്കുറിച്ച് മികവുറ്റ വീക്ഷണം ഉറപ്പാക്കും. സ്വാഭാവികവും സാമൂഹികവുമായ ഘടകങ്ങളുടെ ഇടപെടലിലെ സങ്കീർണതകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏംഗൽസ് വിവരിക്കുന്നുണ്ട്. രാഷ്ട്രീയ സാമ്പത്തിക തലങ്ങളിൽ ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നതും ശ്രദ്ധേയമാണ്. മുതലാളിത്തവും മുതലാളിത്തത്തിനുമുമ്പുള്ള സാമൂഹിക‑സാമ്പത്തിക രൂപീകരണങ്ങളും, അധ്വാനത്തിന്റെയും ഉല്പാദനത്തിന്റെയും ഉടനടിയുള്ള ഫലങ്ങളിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പരിഗണിച്ചില്ല. വേഗത്തില്‍ ഉല്പാദിപ്പിക്കുന്നതിനും വില്ക്കുന്നതിനുമായി മാത്രം ഉദ്ദേശിച്ചിട്ടുള്ള ചരക്കുകളുടെയും ഉല്പാദന‑വിനിമയ മേഖലകളിൽ മനുഷ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക പ്രത്യാഘാതങ്ങളെയുമാണ് ക്ലാസിക്കൽ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ പരിശോധിക്കുന്നത്. ക്യൂബയിൽ പാറകൾ കാണും വരെ വയലുകൾ മാറ്റിമറിച്ച സ്പാനിഷ് പ്ലാന്റർമാരുടെ ചെയ്തികളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, “ഇന്നത്തെ ഉല്പാദനരീതി ഉടനടിയുള്ളതും മൂർത്തവുമായ ഫലങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്”. ബ്രിട്ടീഷ് മുതലാളിത്ത സമൂഹത്തിലെ പാരിസ്ഥിതിക പഴുതുകളെക്കുറിച്ച് മാർക്സും പറഞ്ഞു. മലിനീകരണത്തെക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുകയും വ്യാവസായിക വളർച്ചയും-കാർഷിക ഉല്പാദനവും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഏംഗൽസിനൊപ്പം വാദിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: കണ്ടൽക്കാടുകൾ പ്രകൃതിയുടെ കാവൽക്കാർ
ചൂഷണാധിഷ്ഠിതമായ സാമൂഹിക‑സാമ്പത്തിക വ്യവസ്ഥയിൽ മാറ്റം ആവശ്യപ്പെട്ട് താഴേത്തട്ടിലുള്ളവരെ ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കിയത് മാർക്സും ഏംഗൽസും ആയിരുന്നു. പാരിസ്ഥിതിക അപകടങ്ങളെ അവർ ശാസ്ത്രീയമായി വിശകലനം ചെയ്തു. അവരുടെ പ്രവചനങ്ങൾ അന്വർത്ഥങ്ങളായി. സുനാമി, ഭൂകമ്പം, വരൾച്ച, വെള്ളപ്പൊക്കം എന്നിവ ഇപ്പോൾ സാധാരണമാണ്. അഗ്നിക്കിരയാക്കപ്പെടുന്ന വനങ്ങൾ ഉയർത്തുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നു. അണുബാധയും മഹാമാരിയും സാധാരണമാകുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രാഥമിക പരിഗണനയോടെ ഏറ്റെടുക്കേണ്ട സമയമാണിത്. പ്രകൃതിയുടെ ഭീഷണി ഭൂമിയിലെ ജീവന് വെല്ലുവിളിയായിരിക്കുന്നു. ഒരുപക്ഷേ അതിന് ഭൂമിയുടെ അന്തരീക്ഷം, ജൈവമണ്ഡലം തുടങ്ങി പല മാനങ്ങളുടെയും പുനരവലോകനം വേണ്ടിയിരിക്കുന്നു. രാജ്യ ഭരണവും നിക്ഷിപ്ത താല്പര്യങ്ങളുടെ സംരക്ഷണത്തിനായി മാറിയിരിക്കുന്നു. അടുത്തിടെ നടന്ന വനഭൂമി വില്പന ഇതിന്റെ പ്രകടനമാണ്. പ്രശ്നം സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാന സർക്കാരുകളെ പരിഗണിക്കാതെ ഇടപാടുകൾ നടത്തുകയാണ്. വനവാസികളുടെ അഭിപ്രായം തേടുന്നതേയില്ല. പകരം വനഭൂമി സംരക്ഷണ കവചം ഇല്ലാതാക്കാനും വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുവദിക്കുന്നതിന് നിയമം പരിഷ്കരിച്ചു. വനങ്ങൾ മാത്രമല്ല, നദികൾ, പർവത നിരകൾ എല്ലാം അന്യമാകുകയാണ്. കൂട്ടത്തോടെ എല്ലാം ഇരുട്ടിലമരുന്നു.