Site iconSite icon Janayugom Online

കോടതികളുടെ വികസനം; ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശത്തിൽ മുഖം തിരിച്ച് കേന്ദ്ര സർക്കാർ

കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി നാഷണൽ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ അതോറിറ്റി ഓഫ് (എൻജെഐഎഐ) രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നിർദ്ദേശത്തോട് മുഖംതിരിച്ച് കേന്ദ്ര സർക്കാർ. ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ഒരു ഗവേണിങ് ബോഡിയെന്ന നിർദ്ദേശത്തിൽ സമവായത്തിലെത്താൻ കഴിയാത്തതിനാൽ പുരോഗതിയുണ്ടായില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ലോക്‌സഭയെ അറിയിച്ചു.
ഹൈക്കോടതികൾക്കു കീഴിൽ നിലവിലുള്ളതുപോലെ രാജ്യത്തെ മൊത്തം കോടതി സംവിധാനത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രണം, നിർമ്മാണം, വികസനം, പരിപാലനം, മാനേജ്മെന്റ് എന്നിവയ്ക്കുള്ള സംവിധാനമായാണ് എൻജെഐഎഐ നിർദ്ദേശിക്കപ്പെട്ടത്. സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഏപ്രിൽ 30ന് നടന്ന മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിലും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ചർച്ചകളിൽ സമവായം ഉണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു.
ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ വിഭവശേഷി വർധിപ്പിക്കുന്നതിന് 1993–94 മുതൽ കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കുന്നുണ്ട്. പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 9,013 കോടി അനുവദിച്ചിട്ടുണ്ട്.
ഈ വർഷമാദ്യമാണ് മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നീതിപീഠങ്ങളുടെ അടിസ്ഥാന വികസനം, ഉദ്യോഗസ്ഥരുടെ എണ്ണം, ഭൗതിക സൗകര്യം എന്നിവയിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നാണ് ജസ്റ്റിസ് രമണ പറഞ്ഞത്. നിലവിലെ അടിസ്ഥാന സൗകര്യങ്ങളും ജനങ്ങളുടെ നീതിന്യായ ആവശ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. ചില ജില്ലാ കോടതികളുടെ അന്തരീക്ഷം അത്തരത്തിലുള്ളതാണ്. വനിതാ അഭിഭാഷകർക്ക് പോലും കോടതി മുറികളിൽ പ്രവേശിക്കുന്നതിൽ ഭയം തോന്നുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: devel­op­ment of courts; The cen­tral gov­ern­ment dis­agrees the Chief Jus­tice’s directive

You may like this video also

Exit mobile version