Site iconSite icon Janayugom Online

പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാത്ത വികസനമാണ് ആവശ്യം: മേധാ പട്കർ

medha patkarmedha patkar

പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാത്ത വികസനമാണ് നാടിന് ആവശ്യമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. വികസനത്തിന്റെ പേരിൽ ലോകത്ത് പ്രകൃതി വിഭവങ്ങൾ വൻതോതിലാണ് നശിപ്പിക്കപ്പെടുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ അപകടകരമാണ്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തം വയനാടിന്റെ മാത്രം അനുഭവമല്ല, മറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉദാഹരണങ്ങളിലൊന്നു മാത്രമാണെന്നും അവർ പറഞ്ഞു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരള എൻവയോൺമെന്റൽ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേധാ പട്കർ.
സങ്കീർണമായ ഘടനയാണ് വയനാടിന്റേത്, വലിയ രീതിയിലുള്ള നിർമാണങ്ങൾ നടത്താൻ പറ്റില്ലെന്ന് പ്രൊഫ. മാധവ് ഗാഡ്ഗിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലെല്ലാം ഇത് തന്നെയാണ് സംഭവിക്കുന്നത്. കാലാവസ്ഥാ മാറ്റവും പ്രകൃതിയെ തകർക്കുന്ന മനുഷ്യ ഇടപെടലുകളും ചേരുമ്പോൾ പരിസ്ഥിതി ദുരന്തങ്ങൾ സംഭവിക്കുന്നു. പരിസ്ഥിതയെ പൂർണമായും തകർക്കുന്ന വികസന പ്രവർത്തനങ്ങളെ നിയന്ത്രിക്കണം. പ്രകൃതിയെ തകർക്കുന്നതല്ല മറിച്ച് ആസ്വദിക്കുന്നതാണ് ടൂറിസമെന്ന് തിരിച്ചറിയണം. ടൂറിസം ആവശ്യമാണെങ്കിലും ആദിവാസികൾ ഉൾപ്പെടെയുള്ള മനുഷ്യരുടെ ജീവിത മാർഗം കൂടിയാണത്. ഉത്തരാഖണ്ഡിൽ ഊർജ സംരഭത്തിന്റെ പേരിലാണ് പ്രകൃതി ചൂഷണം. ജോഷിമഠിൽ ഉൾപ്പെടെയുണ്ടായത് വലിയ ദുരന്തമാണ്. ഇതുവരെ പുനരധിവാസം സാധ്യമാവാത്ത നിരവധി ദുരന്ത ഭൂമികൾ രാജ്യത്തുണ്ട്. ഗുജറാത്തിലെ സബർമതിയുടെ തീരത്ത് വലിയ പദ്ധതി വന്നിരിക്കുകയാണ്. നദീ തീരത്ത് വലിയ കെട്ടിടങ്ങളും ലൈറ്റ് ഷോയുമെല്ലാം നടക്കുന്നുണ്ട്. എന്നാൽ നദി മലിനമായി മാറിയിരിക്കുകയാണ്. നദീ തീരങ്ങളിൽ നടക്കുന്ന വികസനങ്ങളെല്ലാം നദികളെ മലിനമാക്കുകയാണ് ചെയ്യുന്നത്. നദികൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾക്കെതിരെ നടപടിയുണ്ടാവുന്നില്ല. കോർപറേറ്റുകളാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു.

 

Exit mobile version