Site iconSite icon Janayugom Online

ഗോ ഫസ്റ്റിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി

ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഉപാധികളോടെ ഡിജിസിഎ അനുമതി. യാത്രാ സര്‍വീസിന് മുമ്പ് ലേ, തോയീസി സൈനിക ക്യാമ്പുകളിലേക്കായിരിക്കും ഗോ ഫസ്റ്റ് സര്‍വീസ് നടത്തുക. ഗോ ഫസ്റ്റിന്റെ ഭൂരിഭാഗം വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ലേലം കമ്പനി നേടിയെടുത്തിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനും മുമ്പിലുള്ള കേസുകളിലെ വിധി കൂടി പരിഗണിച്ചായിരിക്കും ഗോ ഫസ്റ്റിന് സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കുകയെന്നും ഡിജിസിഎ അറിയിച്ചു. പാപ്പരത്ത അപേക്ഷ നല്‍കിയിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 28നാണ് ഡിജിസിഎയെ സമീപിച്ചത്.

എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിനുള്ള യോഗ്യതകള്‍ ഉറപ്പാക്കണം, വിമാനങ്ങളുടെ യാത്രാ യോഗ്യത ഉറപ്പാക്കണം, പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കണം തുടങ്ങി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. വിമാനങ്ങള്‍ റദ്ദാക്കിയത് ഈ മാസം 23വരെ തുടരുമെന്ന് കമ്പനി ട്വീറ്റ് ചെയ്തിരുന്നു. 22 വിമാനങ്ങളുമായി സര്‍വീസ് പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാല്‍ ഇടക്കാല ഫണ്ടിങ്, സര്‍വീസ് ഷെഡ്യൂള്‍ എന്നിവ പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ അനുമതിയെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: DGCA allows Go First to restart flights with conditions
You may also like this video

Exit mobile version